X

ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല : തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി യു.പി ഉപമുഖ്യമന്ത്രി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി കെ.പി മൗര്യ. ബി.എസ്.പിയുടെ വോട്ടുകള്‍ ഇത്രയും വലിയ രീതിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ എത്തുമെന്ന് കരുതിയില്ലെന്ന് മൗര്യ പ്രതികരിച്ചു.

അന്തിമ ഫലം പുറത്തു വന്നതിനു ശേഷം കാര്യങ്ങള്‍ പരിശോധിക്കും. ഭാവിയില്‍ ബി.എസ്.പിയും എസ്.പി.യും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യഘട്ടത്തില്‍ നടത്തിയത്. പിന്നീട് ബി.ജെ.പിയെ ഏറെ ദൂരം പിന്തള്ളി എസ്.പി-ബി.എസ്.പി സഖ്യം ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും മുന്നേറുകയായിരുന്നു.

യു.പിയില്‍ എസ്.പി ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ളയും രംഗത്തെത്തി.ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു.

‘കഴിഞ്ഞദിവസത്തെ അത്താഴം കഴിഞ്ഞ് മടങ്ങവെ ബി.എസ്.പിയുടെ സതീഷ് മിശ്ര ജീ ഇന്നത്തെ വോട്ടെണ്ണലില്‍ ഒരു സര്‍െ്രെപസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെന്നും ട്രെന്റുകള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നുന്നു’ വെന്നുമാണ് ഉമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.

കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര്‍ മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 23000 വോട്ടുകളുടെ ഭൂരിപക്ഷവുമായി മുന്നേറുന്നു. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേല്‍ 47000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.

 

chandrika: