ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് യോഗത്തിലുണ്ടായ തര്‍ക്കത്തേയും സംഘര്‍ഷത്തേയും തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുപിയിലെ പ്രതാപ്ഗഡ് ജില്ലയിലെ ദയാശങ്കര്‍ മിശ്രയും മകന്‍ ആനന്ദ് മിശ്രയുമാണ് കൊല്ലപ്പെട്ടത്. ഭൂമിയെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.
തങ്ങളുടെ അറിവോടെയല്ല യോഗം നടന്നതെന്നും രണ്ട് അഭിഭാഷകരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അക്രമം തടയാന്‍ കൃത്യസമയത്ത് ഇടപെടാതിരുന്നതിന് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനായി പഞ്ചായത്ത് യോഗം ചേര്‍ന്നുവെന്നും ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസിനെ അറിയിക്കാതെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എസ്പി അഭിഷേക് സിംഗ് പറഞ്ഞു.