ഓരോരോ യുഗങ്ങളിലും ഓരോരോ പിറവികളുണ്ടെന്നാണല്ലോ പൊതുവെ വിശ്വാസം. കലിയുഗത്തില്‍ എല്ലാം കലക്കിക്കൊണ്ട് കല്‍ക്കി വരുമെന്നു കേട്ടിട്ടുണ്ടെങ്കിലും, ഏതാണ്ട് തല്ലിപ്പൊളി യുഗത്തിന്റെ തുടക്കമായെന്നാണ് യു.പി തെരഞ്ഞെടുപ്പും പിന്നാലെ വന്ന ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനവും പറയാതെ പറഞ്ഞു വെക്കുന്നത്. ട്രംപും കിങ്‌ജോങ് ഉലും ലോകരാജ്യങ്ങളില്‍ തലവന്‍മാരാകുന്ന കാലത്ത് മോദിയുഗം സബ്കാ സാത് സബ്കാ വികാസ് എന്നൊക്കെ മേമ്പൊടിയായി വിതറുമെങ്കിലും വികാസം സംഘികള്‍ക്ക് മാത്രമാണെന്ന് ശ്ശി വൈകിയാണെങ്കിലും മാലോകര്‍ക്ക് മനസിലാവാന്‍ പോകുന്നെന്നു മാത്രം. കേന്ദ്രത്തിലൊരു ഭരണമുണ്ടെങ്കില്‍ തോറ്റാലും പ്രശ്‌നമില്ല ഭരിക്കാമെന്നാണ് ഇപ്പോഴത്തെ ഒരിത്. അതിപ്പോ ഇങ്ങേ അറ്റത്ത് ഗോവയാണെങ്കില്‍ അങ്ങേയറ്റത്ത് മണിപ്പൂര് വരെ ബാധകമാണു താനും. പക്ഷേ സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഹൈലൈറ്റ് യു.പി മുഖ്യന്‍ തെരഞ്ഞെടുപ്പു തന്നെയാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ചേരിപ്പോരുകള്‍ക്കും ഒടുവിലാണ് ആദിത്യനാഥിനെ അവതാര പുരുഷനായി തെരഞ്ഞെടുത്തത്. ശ്മശാനം മുതല്‍ ഖബര്‍സ്ഥാന്‍ വരെ’ പ്രചരണം നടത്തിയിട്ട്് 313 അംഗങ്ങളെ ഒറ്റക്ക് കിട്ടിയെങ്കിലും ഭരിക്കാന്‍ മുഖ്യനും ഉപമുഖ്യമന്ത്രിമാരുമടക്കം മൂന്നു പേരെ പുറത്തു നിന്നും കെട്ടിവലിച്ചു കൊണ്ടു വരേണ്ട ഗതികേടിലാണ് പാര്‍ട്ടിയെന്നാണ് ശത്രുക്കള്‍ പറയുന്നത്. ശത്രുക്കള്‍ ത്പൂ പോകാന്‍ പറ. യോഗി ആരാ മോന്‍ എല്ലാം കൊണ്ടും യോഗ്യനാണെന്ന് ഇതുക്കു മുന്നാടി തന്നെ തെളിയിച്ച മഹാനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ തനിക്കു ഇന്ന ഇന്ന ആളുകളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒറ്റക്ക് പ്രഖ്യാപിച്ച് പാര്‍ട്ടിയെ തമിഴ് സിനിമയിലെ സംഘട്ടന രംഗങ്ങളില്‍ സത്യരാജ് വരക്കുന്നതു പോലെ കമ്പ് ഉപയോഗിച്ച് വരയിടുന്ന വിദ്വാനാണ്. നമ്മുടെ നാട്ടിലെ ചാണക സംഘികളെ പോലെയൊന്നുമല്ല, ഒളിയും മറയുമൊന്നുമില്ലാതെ തന്നെ പച്ചക്ക് വര്‍ഗീയത വിളിച്ചു പറയാന്‍ യാതൊരു മടിയും കാണിക്കാത്തതിനാല്‍ ടിയാന്‍ സ്വയം പറയുന്നത് ആധുനിക കാലത്തെ ഗാന്ധിയായാണ്. ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റപ്പെട്ടാല്‍ ഞാന്‍ 100 മുസ്്‌ലിം പെണ്‍കുട്ടികളെ മതം മാറ്റും, ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ 100 മുസ്്‌ലിംകളെ കൊല്ലും. ഇത്തരത്തില്‍ വളരെ മാന്യമായ സംസാര രീതിയാണ് യു.പി മുഖ്യന്റേത്. ഖൊരക്പൂര്‍ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ കൂടിയായ ഇദ്ദേഹം എന്നും മാധ്യമങ്ങളില്‍ നിറയാന്‍ വേണ്ടി എന്നും മുന്‍പന്തിയിലെത്താറുള്ള നേതാവു കൂടിയാണ്. പിന്നെ കേസുകളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ ടിയാനോളം യോഗ്യത മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ മറ്റൊരാള്‍ക്കില്ല താനും. കലാപം, കൊലപാതകശ്രമം, ആയുധം കൈവശം വെക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍ പെടുത്തുക തുടങ്ങി തങ്കപ്പെട്ട കേസുകളിലെല്ലാം അകപ്പെട്ടിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും അഖിലേഷും തകര്‍ത്തെറിഞ്ഞ ക്രമസമാധാനം പൂര്‍ണമായും പാലിക്കുമെന്നാണ് ബി.ജെ.പിയുടെ യു.പിയിലെ പ്രധാന വാഗ്ദാനം. അതിനു എന്തു കൊണ്ടും പറ്റിയ പവന്‍മാറ്റ് നേതാവാണ് ആദിത്യനാഥ്. 2015ല്‍ അദ്ദേഹം നടത്തിയ പ്രസ്താവന തന്നെ ക്രമസമാധാനം പാലിക്കാന്‍ മേപ്പടിയാന് കഴിയുമെന്നതിന്റെ തെളിവാണ്. മുസ്്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനായിരുന്നു അന്ന് ടിയാന്‍ ആഹ്വാനം ചെയ്തിരുന്നത്. പിന്നെ സ്ത്രീ സംവരണ വിഷയത്തിലും മുത്തലാഖ് വിഷയത്തിലും (മുത്തലാഖെന്നാല്‍ മൂന്നും നാലും പെണ്ണുകെട്ടലാണെന്ന ഉള്ളിസുരുവടക്കമുള്ളവരുടെ വിശ്വാസം തന്നെയാണ് സകല നേതാക്കള്‍ക്കുമുള്ളത്) ഉറഞ്ഞു തുള്ളുന്ന ബി.ജെ.പിക്കാര്‍ 2010ല്‍ സ്ത്രീ സംവരണത്തിനായി ബില്ലുകൊണ്ടുവരാന്‍ പാര്‍ട്ടി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയപ്പോള്‍ വെടിപ്പായി ഇതു ലംഘിച്ച് സ്ത്രീ സംവരണം കൂടി കാത്തു സൂക്ഷിച്ച ചരിത്രവും ടിയാനുണ്ട്. ലോകം ആദരിക്കുന്ന മദര്‍ തെരേസ ഇന്ത്യയെ ക്രൈസ്തവ വത്കരിക്കാനുള്ള ഭാഗമായാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിയതെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ യു.പി മുഖ്യന്‍ നല്ലൊരു ഗവേഷകന്‍ കൂടിയാണ്. പാക് ഭീകരന്‍ ഹാഫിസ് സഈദും ബോളിവുഡ് താരം ഷാറൂഖ് ഖാനും ഒന്നാണെന്നും ആദിത്യനാഥ് തന്റേതായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. യു.പിക്കാരുടെ യോഗമായി വന്നു ഭവിച്ച മുഖ്യന്‍ മുമ്പ് യോഗക്കു വേണ്ടി വാദിച്ചത് സൂര്യനമസ്‌കാരത്തെ അംഗീകരിക്കാത്തവര്‍ ഇന്ത്യ വിടണമെന്ന സിംപിള്‍ തിയറി കൊണ്ടായിരുന്നു. ഇനി ഇതിന്റെയെല്ലാം പ്രാക്ടിക്കല്‍ വശം നടപ്പിലാക്കുമോ എന്നു കാത്തിരുന്നു കാണേണ്ടതാണ്. അല്ലെങ്കിലും താരതമ്യപ്പെടുത്തിയാണല്ലോ സംഘികളിലെ മിതവാദികളേയും തീവ്രവാദികളേയും വിലയിരുത്താറുള്ളത്. പണ്ട് വാജ്‌പേയിയെ അദ്വാനിയുമായി താരതമ്യപ്പെടുത്തി മിതവാദിയാക്കി. പിന്നീട് മോദി വന്നപ്പോള്‍ ടിയാനെ അദ്വാനിയുമായി താരതമ്യപ്പെടുത്തി അദ്വാനിയെ മിതവാദിയാക്കി. ഈ പ്ലസ്‌പോയിന്റില്‍ പിടിച്ച് ഇനിയിപ്പോ രാഷ്ട്രപതിയാവാന്‍ പോകുന്നെന്നാണ് കേള്‍വി (ഇന്ത്യക്കാര്‍ക്ക് എല്ലാം കൊണ്ടും യോഗം). ഇനിയിപ്പോ ആദിത്യനാഥും എത്തി താരതമ്യമാവാം. മോദി മിതവാദി എന്നു പറയുകയുമാവാം. ഇതാണ് നമ്മുടെ യോഗം. ടിയാനും മിതവാദിയാണെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട്. വേണമെങ്കില്‍ പൊടിക്ക് ചില ഉദാഹരണങ്ങള്‍ ഇതാ…2007ല്‍ ഖൊരക്പൂരില്‍ മുസ്്‌ലിംകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ നിയമം ലംഘിച്ച് പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ചതിന്റെ പേരില്‍ ആദിത്യനാഥിനെ ജയിലിലടച്ചതിന് അദ്ദേഹത്തിന്റെ സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകര്‍ മുംബൈ-ഖൊരക്പൂര്‍ എക്‌സ്പ്രസ് തീവണ്ടിക്ക് തീവെച്ചാണ് മാതൃകാപരമായി പകരം വീട്ടിയത്. ഖൊരക്പൂരില്‍ മുസ്്‌ലിംകളുടെ പള്ളികളും വീടുകളും വാഹനങ്ങളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചതിനു പിന്നിലും ടിയാന്റെ പങ്ക് പ്രശസ്തമാണ്. 2011ല്‍ സാഫ്രന്‍ വാര്‍-റാഡിക്കലൈസേഷന്‍ ഓഫ് ഹിന്ദുയിസം എന്ന ഡോക്യുമെന്ററിയില്‍ യോഗമായി വന്നു ചേര്‍ന്ന യോഗി നടത്തിയ പ്രസംഗങ്ങളാണ് യു.പിയില്‍ പിന്നീട് വര്‍ഗീയ കലാപത്തിന് വഴിവെച്ചതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. അങ്ങനെ എല്ലാം കൊണ്ടും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി യു.പി ബി.ജെ.പിയുടെ കൈകളിലെത്തിക്കുന്നതില്‍ നിസ്തുലമായ സേവനം ചെയ്തതിനു തന്നെയാണ് അമിട്ട് ഷാജിയും ചായക്കടക്കാരനും ചേര്‍ന്നു ടിയാനെ പിടിച്ച് മുഖ്യനാക്കിയത്. ഇത് വെറുതെ ചക്കയിട്ടപ്പോള്‍ മുയലിനെ കിട്ടിയതാണെന്നു കരുതുന്നുവെങ്കില്‍ തെറ്റി. ഇനി വരാനിരിക്കുന്നത് ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഗുജറാത്തില്‍ ഗോവധത്തിന് ജീവപര്യന്തം തടവുള്‍പ്പെടെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ എരിതീയില്‍ എണ്ണ പകര്‍ന്നു കൊണ്ട് ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. ഇനി മധ്യപ്രദേശും കര്‍ണാടകയും ലക്ഷ്യമിടണമെങ്കില്‍ ഇന്ത മാതിരി എന്തെങ്കിലുമൊക്കെ അവിടേയും നടക്കണം. കര്‍ണാടകയിലാണേല്‍ കോണ്‍ഗ്രസ് മുഖ്യനായ സിദ്ധരാമയ്യയെ ജനങ്ങള്‍ക്ക് ഏതാണ്ടൊക്കെ വിശ്വാസവുമാണ്. ഇനി ഇതെല്ലാം തകര്‍ക്കാന്‍ യോഗി മാതൃകയില്‍ ഗുജറാത്തില്‍ പ്രവീണ്‍ തൊഗാഡിയയേയും കര്‍ണാടകയില്‍ പ്രവീണ്‍ മുത്തലിക്കിനേയും സാക്ഷരരെന്നു അഹങ്കരിക്കുന്ന കേരളക്കാര്‍ക്ക് ശശികലയേയുമൊക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി താമരപ്പാര്‍ട്ടി നിര്‍ദേശിച്ചാലും ഇനി അല്‍ഭുതപ്പെടേണ്ട. സബ്ക വികാസ് എന്നാല്‍ ഇങ്ങനേയും ചില അര്‍ത്ഥങ്ങളുണ്ട്.
ലാസ്റ്റ് ലീഫ്:
വിജിലന്‍സ് ഡയരക്ടറുടെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി. പൊതുജന സംരക്ഷണത്തിന് നേരമില്ലാത്തതിനാല്‍ കട്ടില്‍ സംരക്ഷിച്ചല്ലേ മതിയാകൂ.