മാറ്റങ്ങളില്ല; യുപിയില്‍ ബിജെപി ഭരണം പിടിച്ചത് ജാതി ഉയര്‍ത്തികാട്ടി, വിജയ തന്ത്രം ഇങ്ങനെ

ലക്‌നോ: അധികാരം പിടിച്ചെടുക്കാന്‍ വര്‍ഗീയ തന്ത്രം പയറ്റുന്ന ബിജെപി ഉത്തര്‍പ്രദേശിലും വിജയം നേടിയത് ജാതി ഉയര്‍ത്തികാട്ടി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പകര്‍ന്നതു പോലെയാണ് ഇത്തവണയും ബിജെപി വിജയം കൊയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ജാതിവോട്ടുകള്‍ സ്വന്തമാക്കുന്നതിന് ജാഗ്രതയോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബിജെപിക്ക് അനുകൂലമായത്. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ അതേ തന്ത്രമാണ് ഇത്തവണയും ബിജെപി പയറ്റിയത്. ഹൈന്ദവവോട്ടുകള്‍ ഏകീകരിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു ബിജെപി. ഇതിനായി കബര്‍സ്ഥാന്‍, ശ്മശാന നിര്‍മാണ വിവാദവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വലിച്ചിഴച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിന്റെ ‘ദത്തുപുത്രനായി’. ജനസംഖ്യയുടെ 19 ശതമാനം മുസ്‌ലിംകളെ ഒന്നാകെ മോദി പ്രതിപക്ഷത്താക്കി. സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കുമായി മുസ്‌ലിം വോട്ടുകള്‍ ചിതറിയതോടെ ബിജെപിക്ക് വിജയം കൂടുതല്‍ ആയാസകരമാകുകയായിരുന്നു.
ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കു പോലും ബിജെപി ഇത്തവണ അവസരം നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. യാദവ വിഭാഗക്കാരെ പരിഗണിക്കാതെ മറ്റ് ഒബിസി വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. മതധ്രുവീകരണം നടത്തുന്നതിനൊപ്പം മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കാനായതോടെ ബിജെപി വിജയത്തേരിലേറുകയായിരുന്നു.
ചരിത്ര വിജയം നേടാനായെങ്കിലും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിക്കായിട്ടില്ല. 2014ലെ കണക്കുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ബിജെപിക്ക് 30ഓളം സീറ്റുകള്‍ നഷ്ടമായിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസും എസ്പിയും ലോക്‌സഭാ തെരഞ്ഞെടുപ്പനേക്കാള്‍ 13 സീറ്റിന്റെ മേല്‍കൈ നേടി.

chandrika:
whatsapp
line