ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ നേതാവാണ് സാവിത്രി ഭായ് ഫുലെ.
ഞാന്‍ എന്റെ ബി.ജെ.പി അംഗത്വം രാജിവെക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടന തിരുത്താനും ദളിതര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമുള്ള സംവരണം എടുത്തുകളയാനുമുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഡിസംബര്‍ 23ന് ലഖ്‌നൗവില്‍ നടക്കുന്ന റാലിയില്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഫുലെ പറഞ്ഞു.
ഹനുമാനെ കുറിച്ച് നടത്തിയ പ്രസ്താവനയിലൂടെ സാവിത്രിഭായ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹനുമാന്‍ ദളിത് വിഭാഗത്തില്‍ പെട്ട മനുഷ്യനായിരുന്നു എന്നാണ് സാവിത്രി ഭായിയുടെ വാദം. ഹനുമാന്‍ ദളിതനായിരുന്നു. അദ്ദേഹം രാമന് വേണ്ടി എല്ലാം ചെയ്തു. എന്നാല്‍ ഹനുമാനെ അടിമയായി കാണാനാണ് മനുവാദികള്‍ ശ്രമിച്ചത്. ഹനുമാന് ഒരു വാല് ഫിറ്റ് ചെയ്ത് മുഖം വികൃതമാക്കി കുരങ്ങനായി അവതരിപ്പിച്ചത് മനുവാദികളാണ് എന്നായിരുന്നു സാവിത്രി ഭായിയുടെ വാദം.