ബറേയ്‌ലി: അഭയകേന്ദ്രത്തില്‍നിന്ന് അനുവാദമില്ലാതെ ബലംപ്രയോഗിച്ച് കുട്ടിയെ കൊണ്ടുപോയ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ രാജേഷ് മിശ്ര വിവാദത്തില്‍. യാതൊരു അനുവാദമോ അത്യാവശ്യ രേഖകളോ സമര്‍പ്പിക്കാതെയാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. മകന്റെ കല്യാണം നടന്ന ദിവസം കുട്ടിയെ അവിടേക്ക് വീട്ടിലേക്ക് കൊണ്ടുപോയ മിശ്ര അടുത്ത ദിവസം തന്നെ തിരികെ അഭയകേന്ദ്രത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച നടന്ന സംഭവം ശനിയാഴ്ചയോടെയാണ് അഭയകേന്ദ്രത്തിലെ അധികൃതര്‍വഴി പുറത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, മരിച്ചെന്നു കരുതി കുഴിച്ചിട്ടതിനു ശേഷം ജീവന്റെ തുടിപ്പ് കണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ‘അദ്ഭുത ശിശു’വിനെയാണ് ബിജെപി എംഎല്‍എ രേഖകളൊന്നുമില്ലാതെ കൊണ്ടുപോയത്.
‘കഴിഞ്ഞ ഞായറാഴ്ച ബിജെപി എംഎല്‍എ രാജേഷ് മിശ്ര വന്ന് യാതൊരു രേഖകളുമില്ലാതെ കുട്ടിയെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിനു കൊണ്ടുപോയി യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഫോട്ടോകള്‍ എടുത്തതിനുശേഷം തിരികെ കൊണ്ടുവന്ന് വിടുകയും ചെയ്തു.
ഇങ്ങനെ കുട്ടികളെ കൊണ്ടുപോകാന്‍ ആര്‍ക്കും അനുവാദമില്ല. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത മാതാപിതാക്കള്‍ക്കു മാത്രമേ കുട്ടികളെ ദത്തെടുക്കാനാകൂ. അദ്ദേഹത്തിന്റെ രാഷ്ട്രീയം സ്വാധീനം അറിയാവുന്നതുകൊണ്ടാണ് മറിച്ചൊന്നും പറയാതിരുന്നതെന്നും അഭയകേന്ദ്രത്തിന്റെ സൂപ്രണ്ടന്റ് പ്രിംറോസ് എഡ്മണ്ട് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
എന്നാല്‍ തനിക്ക് ആ കുട്ടിയോട് കരുതല്‍ മാത്രമേ ഉള്ളൂവെന്നാണ് എംഎല്‍എ പറയുന്നത്. അതേസമയം, വിവാഹവേളയില്‍ മാസ്‌കില്ലാതെ എംഎല്‍എയും കുട്ടിയും നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. താന്‍ ദത്തെടുത്ത മകളാണെന്നാണ് വിവാഹത്തിനു വന്നവരോട് എംഎല്‍എ പറഞ്ഞതെന്നാണ് വിവരം. നേരത്തെ ഇത് തന്റെ മകളാണന്നും വീട്ടില്‍ കൊണ്ടുപോയി ‘സീത’യെന്ന പേരു നല്‍കി വളര്‍ത്തുമെന്നും സമൂഹമാധ്യമത്തിലൂടെ എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ നിയമപരമായി എംഎല്‍എ കുട്ടിയെ ദത്തെടുത്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.