X

ആളില്ല; യുപി ഭരിക്കാന്‍ കരുത്തനെ തേടി ബിജെപി

ലക്‌നോ: ജാതി ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശില്‍ അധികാരം സ്വന്തമാക്കിയ ബിജെപി ഭരണ സാരഥ്യം വഹിക്കാന്‍ കരുത്തനായ നേതാവിനെ തേടുന്നു. അധികാരത്തിലെത്തിയെങ്കിലും ഇനിയുള്ള അഞ്ചു വര്‍ഷം യുപിയെ ആരു നയിക്കുമെന്നതു സംബന്ധിച്ച ആശങ്കയിലാണ് ബിജെപി. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുപിയിലെ മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടിക്ക് നിര്‍ണായകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് യു.പിയിലെ ജനത. ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്ന നേതാവിനെ യുപിയുടെ ഭരണചക്രം ഏല്‍പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപി നേതൃത്വത്തിന്റെ നീക്കം. ഇതിനായി ജനപിന്തുണ ആര്‍ജ്ജിച്ചതും പാര്‍ട്ടിയോട് വിധേയത്വമുള്ളതുമായ വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ, ദേശീയ ഉപാധ്യക്ഷന്‍ ദിനേശ് ശര്‍മ്മ, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ മോദിയുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടേതുമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം.

കേശവപ്രസാദ് മൗര്യ

ദിനേശ് ശര്‍മ്മ

മനോജ് സിന്‍ഹ

പിന്നോക്ക യാദവ വിഭാഗങ്ങള്‍ ഏറെയുള്ള യുപിയില്‍ പിന്നോക്കക്കാരനെ ഭരണം ഏല്‍പിക്കാന്‍ തീരുമാനമായാല്‍ കേശവപ്രസാദ് മൗര്യക്കായിരിക്കും നറുക്ക് വീഴുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗക്കാരെ ഇതിലൂടെ ഒന്നാകെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാല്‍ മുന്നോക്ക വിഭാഗക്കാരെയാണ് പരിഗണിക്കുന്നതെങ്കില്‍ ദിനേശ് ശര്‍മ്മക്കും ജനസമ്മതനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മനോജ് സിന്‍ഹക്കുമായിരിക്കും സാധ്യത.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ടെങ്കിലും കരുത്തനായ മന്ത്രിയുടെ അസാന്നിധ്യം മോദി മന്ത്രിസഭക്ക് മങ്ങലേല്‍പ്പിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. അതിനാല്‍ അപകടഘട്ടത്തില്‍ മാത്രമേ ഇത്തരമൊരു നീക്കത്തിലേക്ക് പാര്‍ട്ടി നീങ്ങുകയുള്ളൂ.

chandrika: