ന്യൂ ഡല്‍ഹി: അഴിമതി രഹിത, കലാപ വിമുക്ത യു.പി വാഗ്ദാനം ചെയ്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ലോകസഭയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ആദിത്യനാഥ് തന്റെ നയം വ്യക്തമാക്കിയത്.
നിങ്ങള്‍ നോക്കിക്കോളൂ, പലതും ഇവിടെ ഇല്ലാതാവാന്‍ പോവുകയാണ്. നിയമവാഴ്ച
ഉറപ്പുവരുത്തി കുറ്റവാളികളില്ലാത്ത സംസ്ഥാനമാക്കി യു.പിയെ മാറ്റുമെന്നാണ് പുതിയ മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഗോരഖ് പൂരില്‍ നിന്നും അഞ്ച് തവണ ലോകസഭയിലെത്തിയ ആദിത്യനാഥ് കലാപങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത വിധം യു.പിയുടെ മുഖഛായ തന്നെ മാറ്റുമെന്നും പ്രഖ്യാപിച്ചു.
അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 403 കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ പ്രതിനിധാനം ചെയ്യുന്ന ഗോരഖ് പൂരില്‍ സമാനമായ പ്രശ്‌നങ്ങളൊന്ന് പോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കണക്കുകളുടെ ഉറവിടം വ്യക്തമാക്കാന്‍ മുഖ്യന്‍ തയാറായതുമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയില്‍ ലോകസഭയില്‍ സമര്‍പ്പിച്ച കണക്കുവിവരങ്ങളില്‍ പറയുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മാത്രം 450 വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉത്തര്‍ പ്രദേശില്‍ നടന്നിട്ടുണ്ടെന്നാണ്.