X

യുപി സര്‍ക്കാറിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; ലക്ഷ്യം ബാബരി മസ്ജിദ്-രാമക്ഷേത്രവുമായി ബന്ധപ്പെട്ട വോട്ടെടുപ്പ്

ലക്‌നോ: ബാബരി മസ്ജിദ്-രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്. യു.പി സര്‍ക്കാറാണെന്ന വ്യാജേന തര്‍ക്ക വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുകയാണ് വെബ്‌സൈറ്റ് ചെയ്യുന്നത്.

വിഷയം കോടതിക്കു പുറത്ത് പരിഹരിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഭിപ്രായ വോട്ടെടുപ്പുമായി വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


www.ayodhya-issue.gov-up.in എന്നാണ് വെബ്സൈറ്റിന്റെ പേര്. www.up.gov.in എന്ന യുപി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുമായി സാമ്യമുള്ളതാണ് വ്യാജ വെബ്സൈറ്റിന്റെ യുആര്‍എല്‍. വാട്‌സ്ആപ്പ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് വോട്ടെടുപ്പ്.
‘ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രമാണോ ബാബരി മസ്ജിദ് ആണോ നിങ്ങള്‍ക്കു വേണ്ടത്്?’ എന്നു തുടങ്ങുന്ന നാലു ചോദ്യങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. ഇവക്കു പുറമെ ഓണ്‍ലൈന്‍ വോട്ടടെടുപ്പില്‍ ഞാന്‍ രേഖപ്പെടുത്തി. നിങ്ങളും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാറുമായി നിങ്ങളുടെ അഭിപ്രായവും പങ്കുവെക്കുക-തുടങ്ങിയ വാചകങ്ങള്‍ കൂടി വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
നാല് ഓപ്ഷനുകളാണ് വോട്ടു ചെയ്യുന്നതിനായി നല്‍കിയിരിക്കുന്നത്.

ഓപ്ഷനുകള്‍ ഇങ്ങനെ:

1. രാമജന്മഭൂമിയില്‍ രാമക്ഷേത്രം എത്രയും പെട്ടെന്ന് നിര്‍മിക്കണം. മസ്ജിദ് മറ്റെവിടെയെങ്കിലും പണിയാം.
2. രാമക്ഷേത്രവും മസ്ജിദും അടുത്തടുത്തായി നിര്‍മിക്കണം.
3. ബാബറി മസ്ജിദ് യഥാര്‍ത്ഥ സ്ഥലത്ത് പുനര്‍നിര്‍മിക്കണം. അടുത്തായി രാമക്ഷേത്രം നിര്‍മിക്കണം.
4. പൊതുജനവികാരം മാറ്റി നിര്‍ത്തി സുപ്രീം കോടതി നിയമാനുസൃതമായ തീരുമാനത്തിലെത്തണം.

രാമജന്മഭൂമിയില്‍ രാമക്ഷേത്രം എത്രയും പെട്ടെന്ന് നിര്‍മ്മിക്കണം. മസ്ജിദ് മറ്റെവിടെയെങ്കിലും പണിയാം- എന്ന അഭിപ്രായത്തെ അനുകൂലിച്ച് 80.3 ശതമാനം പേര്‍ വോട്ടുചെയ്തതായാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്.

ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും അഭിപ്രായം രേഖപ്പെടുത്താമെന്നതു കൊണ്ട് ഒരു ഓപ്ഷനുമാത്രം 80 ശതമാനം വന്നതിനാല്‍ ഇത് വ്യാജമാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ തന്നെ സര്‍വേയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സംഭവം ശ്രദ്ധയില്‍പ്പെട്ട യു.പി ഐടി വിഭാഗം നടത്തിയ പരിശോധനയില്‍ വെബ്‌സൈറ്റ് ഡല്‍ഹി സ്വദേശിയായ തരുണ്‍ ചൗധരിയുടേതാണെന്ന് തെളിഞ്ഞു. കര്‍ണാടക സ്വദേശിയായ അക്തര്‍ അലിയുടെ ഫോണ്‍ നമ്പറാണ് വെബ്‌സൈറ്റില്‍ നല്‍കിയിരുന്നത്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ തന്റെ നമ്പര്‍ ആരോ ദുരുപയോഗം ചെയ്തതാണെന്ന് അക്തര്‍ അലി അന്വേഷണ വിഭാഗത്തോട് വ്യക്തമാക്കി.

വെബ്‌സൈറ്റുമായി സര്‍ക്കാറിന് യാതൊരു ബന്ധവുമില്ലെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും യുപി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ പറഞ്ഞു.

chandrika: