X

റെക്‌സ് ടില്ലേഴ്‌സനെ ട്രംപ് പുറത്താക്കി

 

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്‌നം ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പകരം സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നാമനിര്‍ദേശം ചെയ്തു. പോംപിയോയുടെ ഒഴിവിലേക്ക് ജിന ഹാസ്പലിനെ സി.ഐ.എ ഡയറക്ടറായും നിയോഗിച്ചു. സി.ഐ.എയുടെ ആദ്യത്തെ വനിതാമേധാവിയായിരിക്കും ഹാസ്പല്‍. പല വിഷയങ്ങളിലും ടില്ലേഴ്‌സനും ട്രംപും ശീതസമരത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ ഇരുവരും പരസ്യമായി ഇടഞ്ഞു. ടില്ലേഴ്‌സന്‍ അറിയാതെ വിദേശകാര്യ പ്രശ്‌നങ്ങളില്‍ ട്രംപ് സ്വന്തമായി തീരുമാനമെടുക്കാന്‍ തുടങ്ങിയതോടെ ഭിന്നത രൂക്ഷമായി.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചത് ടില്ലേഴ്‌സന്‍ അമ്പരപ്പോടെയാണ് കേട്ടത്. ട്രംപിന്റെ പ്രഖ്യാപനം വരുമ്പോള്‍ അദ്ദേഹം ആഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. യു.എസ്-ഉത്തരകൊറിയ ചര്‍ച്ച സമീപ കാലത്തൊന്നും ഉണ്ടാകില്ലെന്ന് ടില്ലേഴ്‌സന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ച് ഒരു ദിവസത്തിനുശേഷമാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ടില്ലേഴ്‌സനെ പുറത്താക്കി പോംപിയോയെ നിയമിക്കാന്‍ വൈറ്റ്ഹൗസില്‍ നീക്കം നടത്തുന്നുണ്ടെന്ന് നവംബര്‍ അവസാനം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. ടില്ലേഴ്‌സനെ സമ്മര്‍ദ്ദത്തിലാക്കി പുകച്ചുചാടിക്കുന്നതിന് വൈറ്റ്ഹൗസിലെ ചിലര്‍ തന്നെയാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിഡന്റുമായുള്ള ഭിന്നതയെതുടര്‍ന്ന് ടില്ലേഴ്‌സന്‍ രാജിവെക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പെന്റഗണില്‍ നടന്ന യോഗത്തില്‍ ട്രംപിനെ ടില്ലേഴ്‌സന്‍ ബുദ്ധിശൂന്യനെന്ന് വിളിച്ചെന്നും അവര്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്നും എന്‍ബിസി ചാനല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു പിന്നീട് ഇരുവരും തള്ളി. ആരാണ് ബുദ്ധിമാനെന്ന് ഐ.ക്യു ടെസ്റ്റ് നടത്തിയ ശേഷം പറയാമെന്നായിരുന്നു ട്രംപിന്റെ മറുപടിയെന്ന് ഫോബ്‌സ് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുഘട്ടത്തില്‍ ഉത്തരകൊറിയയുമായി ടില്ലേഴ്‌സണ്‍ നടത്തിയ സമവായ ശ്രമങ്ങളെ ട്രംപ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും വാക് പോരാട്ടം നടത്തിക്കൊണ്ടിരിക്കെ നയതന്ത്ര നീക്കങ്ങളുമായി മുന്നോട്ടുപോയ ടില്ലേഴ്‌സന്‍ സമയം പാഴാക്കുകയാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘നിങ്ങള്‍ ഊര്‍ജം പാഴാക്കരുത് റെക്‌സ്, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യും’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതു കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം ഉന്നിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ ട്രംപ് സമ്മതിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ ട്രംപ് നവനാസികളോട് ഉപമിച്ചപ്പോഴും അവര്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. അമേരിക്കന്‍ മൂല്യങ്ങള്‍ പറയുന്നത് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റില്‍നിന്നാണെന്നും പ്രസിഡന്റ് പറയുന്നത് സ്വന്തം കാര്യമാണെന്നുമായിരുന്നു ഇതേക്കുറിച്ച് ടില്ലേഴ്‌സന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.

chandrika: