X

ഓഖി ദുരന്തത്തിന് നൂറ് ദിവസം പിന്നിടുമ്പോഴും വാഗ്ദാനങ്ങള്‍ കടലാസില്‍

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് നൂറുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും കടലാസില്‍. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ഇനിയും നല്‍കിയിട്ടില്ല. കാണാതായവര്‍ മൂന്നുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി നഷ്ടപരിഹാരം അനുവദിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
മരിച്ച 52 പേരുടെ കുടുംബത്തിന് 22 ലക്ഷം രൂപവെച്ച് നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു രൂപപോലും ഇവരുടെ പേരില്‍ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടില്ല. 52ല്‍ ഏഴുപേര്‍ക്ക് മാത്രമാണ് ഈ തുകയുടെ പലിശ ലഭിക്കുന്നത്. മറ്റുള്ളവര്‍ ഇപ്പോള്‍ ട്രഷറികളില്‍ കയറിയിറങ്ങുകയാണ്. ട്രഷറിയില്‍ ഇവരുടെ പേരില്‍ പണം നിക്ഷേപിച്ചിട്ടില്ല. നിക്ഷേപിക്കാത്ത പണത്തിന് എങ്ങനെ പലിശ നല്‍കുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. 22 ലക്ഷം രൂപ ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസം 14,000 രൂപ വീതം പലിശ ലഭിക്കും. വാഗ്ദാനം ചെയ്ത 22 ലക്ഷം ഏഴ് വര്‍ഷത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് ലഭിക്കൂ. അതായത് അടുത്ത സര്‍ക്കാരാണ് ഈ നഷ്ടപരിഹാര തുക നല്‍കേണ്ടതെന്നര്‍ത്ഥം. ഫലത്തില്‍ ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ പട്ടിണിയിലാക്കിയിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പത്തുലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷം, മത്സ്യഫെഡിന്റെ അഞ്ചുലക്ഷം, കേന്ദ്രസര്‍ക്കാരിന്റെ രണ്ടുലക്ഷം എന്നിങ്ങനെയാണ് ഒരു കുടുംബത്തിന് 22 ലക്ഷം രൂപ പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വകയായി വെറും പത്തുലക്ഷം രൂപ മാത്രമാണ് അനുവദിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ പ്രതിമാസം 150 രൂപ വീതം അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയമാണ് ക്ഷേമനിധിയുടെയും മത്സ്യഫെഡിന്റെയും അഞ്ചുലക്ഷം വീതം നല്‍കുന്നത്. ഇത് കടലില്‍ പോകുന്നവര്‍ ഏത് അപകടത്തില്‍ മരിച്ചാലും ലഭിക്കുന്ന തുകയുമാണ്.
അതേസമയം കാണാതായ 214 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. സര്‍ക്കാരിന്റെ കണക്കില്‍ കാണാതായവരുടെ എണ്ണം 104 ആണ്. കാണാതായവരുടെ കുടുംബത്തിന് യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല. വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്ന നിരവധി പേര്‍ക്ക് ഓഖിയില്‍പെട്ട് ജീവനോപാധികള്‍ നഷ്ടമായിട്ടുണ്ട്. ഒരു വള്ളത്തില്‍ രണ്ട് എഞ്ചിനുകളാണുണ്ടാവുക. ഒരു എഞ്ചിന്റെ വില 1,40,000 രൂപയാണ്. വലയും ജി.പി.ആര്‍.എസും മറ്റ് മത്സ്യബന്ധന സാമഗ്രികളും അടക്കം ശരാശരി ഒരു വള്ളത്തിന്റെ ഉടമയ്ക്ക് നഷ്ടമായത് പതിമൂന്ന് ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം പോലും ഇനിയും നടത്തിയിട്ടില്ല.

കാണാതായവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ഇവരുടെ ഭാര്യമാര്‍ക്ക് വിധവാ പെന്‍ഷന് പോലും അപേക്ഷിക്കാനാകാത്ത സ്ഥിതിയാണ്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മറ്റും വലിയ ബുദ്ധിമുട്ടാണ് ഇവര്‍ അനുഭവിക്കുന്നത്. തിരുവനന്തപുരത്ത് വലിയതുറ, പൂന്തുറ, അടിമലത്തുറ, കൊച്ചുവേളി എന്നിവിടങ്ങളില്‍ നിന്ന് ചെറുവള്ളങ്ങളില്‍ പോയവരാണ് ഇനിയും തിരിച്ചെത്താനുള്ളത്. കാണാതായ എല്ലാവരുടെയും കുടുംബത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ അയ്യായിരം രൂപയുടെ സഹായം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്. തന്റെ മണ്ഡലത്തില്‍ നിന്ന് കാണാതായവരുടെ കുടുംബത്തിന് 3000 രൂപവീതം വി.എസ് ശിവകുമാര്‍ എം.എല്‍.എയും നല്‍കുകയുണ്ടായി.

chandrika: