X

മുട്ട വില സര്‍വകാല റെക്കോഡില്‍; രണ്ടു മാസത്തേക്ക് വില കുറയില്ലെന്ന് സൂചന

കൊച്ചി: ഉപഭോഗം വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിമുട്ട വിലയില്‍ രാജ്യമൊട്ടാകെ വന്‍ വില വര്‍ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്‍വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ് നാലു രൂപ അറുപത് പൈസയായിരുന്നു ഒരു മുട്ടയുടെ വില. ആറു രൂപ അമ്പത് പൈസയായിരുന്നു ഇന്നലെ ഒരു കോഴിമുട്ടക്ക് കൊച്ചിയിലെ ചില്ലറ വില.
ആറു രൂപക്കാണ് വ്യാപാരികള്‍ ഒരു കോഴി മുട്ട വാങ്ങിയത്. പ്രമുഖ മുട്ട ഉത്പാദന കേന്ദ്രമായ തമിഴ്‌നാട്ടിലെ നാമക്കലില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5.50 രൂപയാണ് ഒരു മുട്ടക്ക് ഈടാക്കുന്നത്. നാലു മാസം മുമ്പ് 100 മുട്ടക്ക് 360 രൂപയായിരുന്നു റീട്ടെയ്ല്‍ മാര്‍ക്കറ്റ് വിലയെങ്കില്‍ ഇന്നലെ 100 മുട്ടക്ക് വ്യാപാരികള്‍ക്ക് നല്‍കേണ്ടി വന്നത് 600 രൂപ. താറാവ് മുട്ടയുടെ വിലയിലും വര്‍ധനവുണ്ട്. ഒരു മുട്ടക്ക് പത്തു രൂപയോളമായി. അടുത്ത രണ്ടു മാസത്തേക്ക് കോഴിമുട്ട വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കൊച്ചിയിലെ പ്രധാന മുട്ട വ്യാപാരികളായ ഇ.വി ജോസ് എഗ്ഗ് മര്‍ച്ചന്റ്‌സ് ഉടമ ഇ.ജെ ചാര്‍ലി പറഞ്ഞു.

മുട്ടയുടെ വില വര്‍ധനവ് ക്രിസ്മസ് കേക്ക് വിപണിയെയും ബാധിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വില ഇത്തവണ കേക്കുകള്‍ക്ക് നല്‍കേണ്ടി വരും. മറ്റു ബേക്കറി ഉത്പന്നങ്ങളെയും വില ബാധിച്ചേക്കും. ക്രിസ്മസും പുതുവത്സരവും അടുത്തതിനാല്‍ ബേക്കറികള്‍ അടക്കമുള്ളവര്‍ക്ക് മുട്ട വാങ്ങാതെ നിവൃത്തിയില്ല. വില കുറയാന്‍ അടുത്ത മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.
ശൈത്യം കാരണം ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുട്ട ഉപഭോഗം കൂടിയതാണ് വില വര്‍ധനവിന് പ്രധാന കാരണമായത്. വന്‍ ഡിമാന്‍ഡ് മുന്‍കൂട്ടി കണ്ട് ഇവിടെയുള്ള വ്യാപാരികള്‍ പ്രധാന മുട്ട ഉത്പാദന കേന്ദ്രങ്ങളായ നാമക്കല്‍, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ മുട്ടകള്‍ ശേഖരിച്ചു വച്ചു. ഇതേ തുടര്‍ന്ന് കേരളത്തിലുള്‍പ്പെടെയുള്ള വ്യാപാരികള്‍ക്ക് ആവശ്യത്തിന് മുട്ട ലഭിക്കാതായി. ഇതാണ് വില വര്‍ധനക്ക് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. രാജ്യത്തെ ഒട്ടുമിക്ക പൗള്‍ട്രിഫാമുകളിലും മുട്ട ഉത്പാദാനം കുറഞ്ഞതും വില വര്‍ധനവിന് കാരണമായി. നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്നത്.
ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ വില കുറവാണെങ്കിലും ചരക്കു കൂലി കണക്കിലെടുക്കുമ്പോള്‍ നാമക്കലാണ് വ്യാപാരികള്‍ക്ക് ലാഭകരം. നാമക്കല്‍ മേഖലയില്‍ നിന്ന് കഴിഞ്ഞ ജൂലൈ വരെ എല്ലാ ദിവസവും 2.88 കോടി മുട്ടകളാണ് വിപണിയില്‍ എത്തിയിരുന്നത്. ജൂലൈക്ക് ശേഷം ഇതില്‍ ഗണ്യമായ കുറവുണ്ടായി. ഒക്‌ടോബറില്‍ ഇവിടെ നിന്നും വിപണിയിലെത്തിയത് 2.81 കോടി മുട്ടകള്‍ മാത്രം.

chandrika: