X

അശാന്തി-പ്രതിച്ഛായ

ഇന്ത്യയുടെ അഭിമാനമായ കേന്ദ്ര സര്‍വകലാശാലയാണ് രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമധേയത്തിലുള്ള ന്യൂഡല്‍ഹിയിലെ ജെ.എന്‍.യു. നെഹ്‌റുവിന്റെ വിയോഗശേഷം 1969ല്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പാര്‍ലമെന്റിലെ നിയമനിര്‍മാണത്തിലൂടെ പ്രസ്തുത ഗവേഷണസ്ഥാപനം സ്ഥാപിച്ചക്കപ്പെട്ടത്. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ചിന്തകളുടെ പ്രതിഫലനമാണ് ഇവിടുത്തെ കാമ്പസില്‍നിന്ന് മുഴങ്ങാറുള്ളത്. സ്വതന്ത്രമായും ബുദ്ധിപരമായും ചിന്തിക്കുന്ന ഒരു കൂട്ടം യുവജനങ്ങളുടെ പഠനകേന്ദ്രമായ ഇവിടെ അതുകൊണ്ടുതന്നെ നിരവധി സമരമുഖങ്ങള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. അക്കാദമിക രംഗത്തെ ബുദ്ധിരാക്ഷസന്മാരായിരുന്നു ഏതാണ്ട് അര നൂറ്റാണ്ടുകാലം ഈ സരസ്വതീക്ഷേത്രത്തിന്റെ വൈസ്ചാന്‍സലര്‍ പദവിയിലിരുന്നത്. സംപൂജ്യരായ അക്കാദമീഷ്യന്മാരായാരുന്നു അവരെല്ലാം. രാജ്യാധികാരത്തോടൊപ്പം ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെല്ലാം സങ്കുചിതരായ ഏതാനും വര്‍ഗീയവാദികളുടെ കൈകളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ജെ.എന്‍.യുവില്‍നിന്നും ഫെബ്രുവരി ഏഴിന് ഒരു വാര്‍ത്ത രാജ്യത്തിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. ജെ എന്‍.യുവിന്റെ ആദ്യത്തെ വനിതാ വൈസ്ചാന്‍സലറായി ശാന്തിശ്രീ ദുലിപുദി പണ്ഡിറ്റിനെ മോദി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു.

ശാന്തിശ്രീ എത്രകണ്ട് ശാന്തയാണെന്നറിയണമെങ്കില്‍ ബഹു. വി.സിയുടെ 2019 മെയ് 16നും ഒക്ടോബര്‍ ഏഴിനുമുള്ള ട്വിറ്റര്‍ പോസ്റ്റുകളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മാത്രംമതി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാംഗോദ്‌സേയുടെ ആരാധകയാണ് താനെന്ന് അതിലവര്‍ പച്ചക്ക് വെളിപ്പെടുത്തുന്നു. ‘ഞാന്‍ ഗാന്ധിയോടും ഗോദ്‌സേയോടും യോജിക്കുന്നു. രണ്ടുപേരും ഗീത വായിക്കുകയും അത് വിശ്വസിക്കുകയും രണ്ട് ധ്രുവത്തിലുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. പ്രവൃത്തിക്കാണ് ഗോദ്‌സേ പ്രാധാന്യം നല്‍കിയത്. അഖണ്ഡഭാരതത്തിനുവേണ്ടി അദ്ദേഹം കണ്ട മാര്‍ഗം ഗാന്ധിയെ വധിക്കുകയായിരുന്നു. ഇതില്‍ ഗോദ്‌സേയുടെ അതിനിന്ദ്യമായ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് ശാന്തിശ്രീ ചെയ്തിട്ടുള്ളത്. രണ്ടാമത്തെ സന്ദേശത്തില്‍ അവര്‍ ഒന്നുകൂടി കടത്തിപ്പറഞ്ഞു: ഗോദ്‌സെ കൊലപ്പെടുത്തിയത് കേവലം ഒരു മനുഷ്യനെയാണ്. ഔറംഗസീബിനെയും ടിപ്പുവിനെയുംപോലെ അദ്ദേഹം കൂട്ടക്കൊല നടത്തിയോ? ലോകമാദരിക്കുന്ന മഹാത്മാവിനെ വെറുമൊരു വ്യക്തിയും ഗോദ്‌സെയെ അഖണ്ഡഭാരതത്തിന്റെ പ്രായോഗികവാദിയുമായി കാണുന്നൊരു ഇന്ത്യക്കാര്‍ നിരവധി പേരുണ്ടാകാമെങ്കിലും ഈ കടുംകൈ ചെയ്തിരിക്കുന്നത് വരുംതലമുറയെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാരെന്ന് ആ വനിതതന്നെയാണ് പൊതുമണ്ഡലത്തില്‍ സ്വയംഅവതരിപ്പിച്ചിരിക്കുന്നത്. ലൗ ജിഹാദ് തടയാന്‍ മുസ്‌ലിംകളല്ലാത്തവരെല്ലാം യോജിക്കണമെന്നും പൗരാവകാശ പ്രവര്‍ത്തകരെ നക്‌സല്‍ ജിഹാദികളെന്നും വിളിച്ചതും മറ്റൊരാളല്ല. വി.സിയായി തിരഞ്ഞെടുക്കപ്പെടാനുള്ള കാരണവും ഇതുതന്നെയായിരിക്കണം. പ്രഥമ പ്രധാനമന്ത്രിയുടെ പേരിനോട് സാമ്യമുണ്ടെന്നതുകൊണ്ടുമാത്രമല്ലെന്നത് നേര്. അത് കിട്ടിയത് ബിസിനസ് കണ്‍സള്‍ട്ടന്റായ ഭര്‍ത്താവ് നിരഞ്ജന്‍പണ്ഡിറ്റ് വഴിയും.

നിലവിലെ വി.സി ജഗദേശ്കുമാറും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏതാണ്ടിതൊക്കെതന്നെയാണ് ചെയ്തതെങ്കിലും ഗാന്ധിവിരോധം ഇത്രകണ്ട് അദ്ദേഹത്തില്‍നിന്ന് പുറത്തുവന്നതായി കേട്ടിട്ടില്ല. സ്ഥാനമൊഴിഞ്ഞ പൂനെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയില്‍ രണ്ടുതവണ അച്ചടക്കനടപടി നേരിട്ടെന്നതും ശാന്തിശ്രീയുടെ ബയോഡാറ്റയിലുണ്ട്. രാഷ്ട്രമീമാംസയിലും അന്താരാഷ്ട്ര ബന്ധത്തിലുമാണ് ബിരുദങ്ങളും ഡോക്ടറേറ്റും. ഗോവയിലും ഗുജറാത്തിലും യൂണിവേഴ്‌സിറ്റികളില്‍ അധ്യാപികയായി. രാഷ്ട്രീയ മന:ശാസ്ത്രത്തിലും പ്രാവീണ്യമുള്ളതുകൊണ്ടാകണം അതിപ്പോള്‍ തന്റെ രാഷ്ട്രീയത്തിലും പ്രയോഗിച്ചു നോക്കുന്നത്. നിരവധി യോഗ്യതകളുള്ള വി. സിയുടെ ആദ്യത്തെ പത്രക്കുറിപ്പുതന്നെ അക്ഷരത്തെറ്റുകള്‍ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയത് ബി.ജെ.പി മുന്‍ എം.പി വരുണ്‍ഗാന്ധിയാണ്. റഷ്യയില്‍ അധ്യാപകരായിരുന്ന മാതാപിതാക്കള്‍ക്ക് 1962ല്‍ അവിടെ പിറന്ന പുത്രി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു ആന്ധ്രക്കാരനായ പിതാവ് ദുലിപുദി ആഞ്ജനേയലു. അമ്മ സര്‍ക്കാര്‍ ജീവനക്കാരി ആദിലക്ഷ്മി തമിഴ്‌നാട്ടുകാരിയും. ഒരു മകളുണ്ട്.

Test User: