X

ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; സ്വിഫ്റ്റ് സര്‍വീസിന് ഇന്ന് തുടക്കം

തിരുവനന്തപുരം: വിഷുവും ഈസ്റ്റുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി -സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു. എല്ലാ മാസവും 5-ാം തീയതിക്കകം മുടങ്ങാതെ ശമ്പളം നല്‍കുമെന്ന് ഇക്കഴിഞ്ഞ ജനുവരി 13 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഗതാഗതമന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചിരുന്നു.

ഈ മാസം പത്തുദിവസം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ശമ്പളം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.90 കോടി രൂപയാണ് മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബജറ്റില്‍ അനുവദിച്ച 1000 കോടി സമയത്തു നല്‍കാതെ പതിവായി മുടക്കുകയാണെന്നും ആരോപണമുണ്ട്. സര്‍ക്കാരില്‍ നിന്ന് ശമ്പളത്തിനായുള്ള തുക വാങ്ങിയെടുക്കുന്നതില്‍ മാനേജ്‌മെന്റിന് ജാഗ്രതക്കുറവെന്ന് സി.ഐ.ടി.യു. യൂണിയന്‍ ആരോപിച്ചു.സമരത്തിനിറങ്ങാന്‍ പ്രേരിപ്പിക്കരുമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. വിനോദ് പറഞ്ഞു. മാനേജ്‌മെന്റിന് ദീര്‍ഘദൂര സര്‍വീസിനായി തുടങ്ങിയ കെ.എസ്.ആര്‍.ടി.സി -സ്വിഫ്റ്റ് കമ്പനിയോടാണ് താത്പര്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആക്ഷേപിച്ചു.

കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ കൊണ്ടുവന്ന സ്വിഫ്റ്റുമായി ഒരു സഹകരണത്തിനുമില്ലെന്ന നിലപാടിലാണ് ടി.ഡി.എഫും, ബി.എം.എസും. മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും സഹകരിക്കില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിക്കായി ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ചാണ് കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് ബസുകള്‍ വാങ്ങിയത്. ചുരുക്കത്തില്‍ സ്വിഫ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സി തഴയപ്പെടുകയും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന് ഉറപ്പായി. പുതിയ കമ്പനിയിലേക്ക് നൂറു കണക്കിന് പാര്‍ട്ടിക്കാരെയാണ് പുറം വാതിലിലൂടെ നിയമിക്കുന്നത്. അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തഴയുകയാണെന്നും ആക്ഷേപമുണ്ട്.

കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസായ തിരുവനന്തപുരം-ബെംഗളൂരു ബസ് സര്‍വീസിനാണ് ഇന്ന് തുടക്കം. തലസ്ഥാനത്ത് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസിന് ഫ്ളാഗ് ഓഫ് ചെയ്യും.

വഞ്ചനാദിനമായി ആചരിക്കും-കെ.എസ്.ടി.ഇ.ഒ

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചും കെഎസ്.ആര്‍.ടിസിയുടെ അന്തകനായ സ്വിഫ്റ്റ് സര്‍വ്വീസ് തുടക്കം കുറിക്കുന്നത് കൊണ്ടും പ്രതിഷേധ സൂചകമായി ഇന്ന് കെഎസ്ടിഇഒ (എസ്ടിയു) വഞ്ചനാദിനമായി ആചരിക്കാന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നഷ്ടക്കണക്കുകള്‍ തൊഴിലാളികളുടെ തലയില്‍ വെച്ച് കെട്ടിവെക്കുന്ന ഗതാഗത മന്ത്രി രാജിവെക്കണമെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.

Test User: