കൊച്ചി: പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിക്കെതിരെയാണ് ഉണ്ണിമുകുന്ദന്‍ പരാതി നല്‍കിയത്. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചുവെന്ന് പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു.
ആഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തുകയായിരുന്നു. തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ഉണ്ണിമുകുന്ദന്‍ സിനിമ നിരസിച്ചിരുന്നു. തുടര്‍ന്ന് യുവതി ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും അഭിഭാഷകനും ഭീഷണിമുഴക്കി. ഇതോടെ ഉണ്ണിമുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.