കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതി വിധിക്കെതിരെ വിമര്‍ശനമുന്നയിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. ‘ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്ത പോലെ’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി ആര്‍ കുറിച്ചത്.
ബാബറി മസ്ജിദ് തകര്‍ത്തുക്കൊണ്ട് പള്ളിക്ക് മുകളില്‍ കയറി നില്‍ക്കുന്ന കര്‍സേവകരുടെ ചിത്രവും പോസ്റ്റില്‍ ഉണ്ണി ചേര്‍ത്തിട്ടുണ്ട്.
വിധിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളിലും വിധിക്കെതിരെ രോഷം ശക്തമാണ്. ഇത്രയധികം സാക്ഷികളെ വിസ്തരിച്ചിട്ടും ഓഡിയോയും വീഡിയോയും ഉണ്ടായിട്ടും എന്തു കൊണ്ട് ആരും ശിക്ഷിക്കപ്പെട്ടില്ല എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചോദ്യം.
ആസൂത്രണം ചെയ്തല്ല ബാബരി മസ്ജിദ് തകര്‍ത്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസില്‍ വിധി പറഞ്ഞത്.