X

ഉന്നാവോ; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ആസ്പത്രി അധികൃതര്‍; അമ്മാവനെ തീഹാറിലേക്ക് മാറ്റും

ഉന്നാവോ: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ലക്‌നൗ മെഡിക്കല്‍ കോളേജ് ഐ.സി.യുവിഭാഗം. പെണ്‍കുട്ടിക്ക് പനിബാധിച്ചത് ആശങ്കപ്പെടുത്തുന്നുവെന്ന് ലക്‌നൗ ഡോ സന്ദീപ് തിവാരി പറഞ്ഞു. അഭിഭാഷകന്റെ നിലമെച്ചപ്പെട്ടുവെന്നും വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും ഡോക്ടര്‍ അറിയിച്ചു.

അതേസമയം, പെണ്‍കുട്ടിയെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണിത്. പെണ്‍കുട്ടി അബോധാവസ്ഥിയിലാണെന്നും ലക്‌നൗവ്വില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്നുമാണ് വീട്ടുകാരുടെ തീരുമാനം. എന്നാല്‍ കോടതി ഡല്‍ഹിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കുടുംബത്തിന് കോടതിയെ സമീപിക്കാനും അധികാരമുണ്ട്. പെണ്‍കുട്ടിയുടെ അമ്മാവന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ റായ്ബറേലി ജയിലില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് മാറ്റുവാനും കോടതി ഉത്തരവിട്ടു. ഇരയെ തിരിച്ചറിയുംവിധമുള്ള റിപ്പോര്‍ട്ടിങ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ലക്‌നൗ സിബിഐ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. 5 കേസുകളാണ് ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഉന്നാവ് കേസ് പരിഗണിക്കാനായി ഡല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കും. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.

chandrika: