ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുല്‍ദീപിന്റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. അപകടത്തിന് മുന്‍പ് കുല്‍ദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന എയിംസ് ആസ്പത്രിയിലെത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുപ്പ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് അസ്പത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‌നൗവിലെ കിങ് ജോര്‍ജ് ആസ്പത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആസ്പത്രിയിലേക്ക് മാറ്റിയത്.
ജൂലൈ 28നാണ് റായ്ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. അതിവേഗത്തില്‍ വന്ന ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപടകത്തിന് പിന്നില്‍ പെണ്‍കുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.