ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച കത്ത് പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസ് യു.പിക്ക് പുറത്തേക്ക് മാറ്റണമെന്ന് ദീര്‍ഘനാളായി പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട് വരികയായിരുന്നു.
ഇതിനിടെ ബലാത്സംഗ കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥന്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ബലാത്സംഗവും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടതും സംബന്ധിച്ച് സി.ബി.ഐ ഡയറക്ടറോട് അന്വേഷിച്ചറിയാനും സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വേണമെങ്കില്‍ ചേംബറില്‍ ഇതുസംബന്ധിച്ച് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.