X

ഉന്നാവോ കൂട്ടബലാത്സംഗക്കേസ്; അതിജീവിതയുടെ സി.ആര്‍.പി.എഫ് സംരക്ഷണം പിന്‍വലിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം

ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയുടെ സി.ആര്‍.പി.എഫ് സംരക്ഷണം പിന്‍വലിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അതിജീവിതയ്ക്ക് നല്‍കുന്ന സി.ആര്‍.പി.എഫ് സംരക്ഷണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

നിലവിലെ സാഹചര്യങ്ങളനുസരിച്ച് അതിജീവിത ഭീഷണികളൊന്നും നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്രത്തിന്റെ ഹരജിയില്‍ സുപ്രീം കോടതി അതിജീവിതയുടെ പ്രതികരണം തേടിയിട്ടുണ്ട്.

പ്രത്യേക സുരക്ഷ പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നും ഇനിമുതല്‍ ദല്‍ഹി അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് പൊലീസ് അതിജീവിതയ്ക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തുമെന്നുമാണ് കേന്ദ്രം ഹരജിയില്‍ പറയുന്നത്.

2019ല്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.

എന്നാല്‍ കേന്ദ്രം സുരക്ഷ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍, പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ മെയ് 14ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നീക്കം.

നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കേസിന്റെ വിചാരണ ഉള്‍പ്പെടെയുള്ളവ ദല്‍ഹിയിലേക്ക് മാറ്റിയിരുന്നു. 2017 ജൂണ്‍ നാലിനാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

യു.പിയിലെ ബി.ജെ.പി എം.എല്‍.എയായ കുല്‍ദീപ് സിങ് സെന്‍ഗാറായിരുന്നു കേസിലെ പ്രതി. സര്‍ക്കാര്‍ പ്രതിയ്ക്കൊപ്പം നിന്ന കേസില്‍ നീതി ലഭിക്കില്ലെന്നായതോടെ പെണ്‍കുട്ടി 2018 ഏപ്രില്‍ എട്ടിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിയ്ക്ക് മുന്‍പില്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛനെ മറ്റൊരു കേസില്‍ പ്രതിയാക്കി. അദ്ദേഹം പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മറ്റ് അഞ്ച് പ്രതികള്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസിലെ കുറ്റപത്രം. ഇതിനെ തുടര്‍ന്ന് കുല്‍ദീപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. നിലവിലെ ഇയാള്‍ ജീവപര്യന്തം തടവുശിക്ഷയിലാണ്.

webdesk13: