X
    Categories: CultureNewsViews

ഉന്നാവോ പീഡനക്കേസ്: പെണ്‍കുട്ടിയുടെ കുടുംബം അയച്ച കത്ത് കിട്ടാന്‍ വൈകുന്നതില്‍ ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

ലഖ്‌നൗ: ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി. എം.എല്‍.എ.യുടെ കൂട്ടാളികളില്‍നിന്നു നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം തനിക്കയച്ച കത്ത് കിട്ടാന്‍ വൈകുന്നതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കുല്‍ദീപ് സിങ് സേംഗര്‍ എം.എല്‍.എ.യുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ജൂലായ് 12ന് അയച്ച കത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

എന്നാല്‍ ജൂലായ് 12ന് അയച്ച ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി, കേസ് പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാരോടും പറഞ്ഞിരുന്നു.

കേസില്‍ നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് മുമ്പ് പെണ്‍കുട്ടി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇത് ആസൂത്രണം ചെയ്ത ഉണ്ടാക്കിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കുല്‍ദീപ് സിങ് സേംഗര്‍ക്കും സഹോദരനുമടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: