തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 5 മാര്‍ഗരേഖ സംസ്ഥാനത്തും നവംബര്‍ 30 വരെ ബാധകമാക്കി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതും ആള്‍ക്കൂട്ട നിയന്ത്രണവും തുടരും.
അധിക നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയും തീരുമാനമായിട്ടില്ല. കാസര്‍കോട് അടക്കമുള്ള അതിര്‍ത്തികള്‍ കടക്കുന്നവര്‍ കോവിഡ് ജാഗ്രതാ വെബ്‌സെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
അതിര്‍ത്തികളില്‍ ആരെയും തടയേണ്ടെന്നാണ് തീരുമാനം. അതേസമയം, പുറത്തുനിന്ന് വരുന്നവര്‍ ഏഴ് ദിവസം മുന്‍പ് എങ്കിലും ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചില ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശിച്ചത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ചും സംസ്ഥാനനതലത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശമോ ഉത്തരവോ ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. ശബരിമല തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് 24 മണിക്കൂര്‍മുമ്പുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ദേശിച്ചിട്ടുള്ളത്.