ഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ അണ്‍ലോക്കിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നത്. അണ്‍ലോക്ക് 3 അവസാനഘട്ടത്തിലേക്ക് എത്തിയതോടെ നാലാംഘട്ട അണ്‍ലോക്കില്‍ എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.
സെപ്റ്റംബര്‍ ഒന്നുമുതല്‍ അണ്‍ലോക്ക് നാലിന്റെ ഭാഗമായി മെട്രോ റെയില്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ വരുന്ന ഘട്ടത്തിലും സ്‌കൂളുകള്‍ അടഞ്ഞ് കിടക്കാനാണ് സാധ്യത. സെപ്റ്റംബര്‍ ഒന്നുമുതല്‍ നാലാംഘട്ട അണ്‍ലോക്കിലേക്ക് കടക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം അണ്‍ലോക്ക് നാലാംഘട്ടത്തില്‍ അനുവദിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധ്യതകള്‍ പരിശോധിക്കാം.
രാജ്യത്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം മെട്രോ സര്‍വീസ് പുനഃരാരംഭിക്കുകയാണെങ്കില്‍ അത് നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹുന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെട്രോ കാര്‍ഡുകള്‍ വഴി മാത്രം ടിക്കറ്റിങ്ങ് സംവിധാനം ഒരുക്കും. സമ്പര്‍ക്കം കുറഞ്ഞരീതിയിലാകും പ്രവേശനം.
അണ്‍ലോക്ക് നാലാംഘട്ടത്തിലും രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രൊഫഷണല്‍ കോഴ്‌സുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഐടി, ഐഐഎം എന്നിവയുടെ കാര്യത്തിലാണ് ഇത്. എന്നാല്‍ ഇക്കാര്യത്തിലും തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.