X
    Categories: indiaNews

ജമ്മു കശ്മീരില്‍ അജ്ഞാതരോഗം; എട്ടുപേര്‍ മരിച്ചു

ജമ്മു കശ്മീരിലെ രജോരി ജില്ലയെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം. കോട്രംക താലൂക്കിലെ ബാഥല്‍ ഗ്രാമത്തില്‍, ഒന്‍പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ക്ക് അജ്ഞാതരോഗം പിടിപെട്ട് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്.

ബുധനാഴ്ച 12 വയസ്സുകാരന്‍ കൂടി മരണത്തിന് കീഴടങ്ങി.ഇതോടെ രോഗത്തെയും അതിന്റെ കാരണത്തെയും കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധസംഘത്തിന് രൂപീകരിച്ചു. പരിശോധനകള്‍ക്കായി ബി.എസ്.എല്‍ മൊബൈല്‍ ലാബോറട്ടറി രജോരിയിലേക്ക് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആറുദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അഷ്ഫാഖ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അഷ്ഫാഖിന്റെ സഹോദരങ്ങളായ ഇഷ്തിയാഖ് (7), നസിയ(5) എന്നിവരും അജ്ഞാതരോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഇവരെ കൂടാതെ ഒരു പുരുഷനും അദ്ദേഹത്തിന്റെ അഞ്ച് മക്കള്‍ക്കുമാണ് അജ്ഞാതരോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

മരണങ്ങളുടെ പശ്ചാത്തലത്തില്‍ രജോരി ഡെപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ശര്‍മ ബഥാല്‍ തിങ്കളാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മരണങ്ങള്‍ സംഭവിച്ച രണ്ട് കുടുംബങ്ങളിലെ മറ്റ് ചില അംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, പി.ജി.ഐ. ചണ്ഡീഗഢ്, നാഷണല്‍ സെന്റര്‍ ഫോര്‍ വൈറോളജി എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യ്തിട്ടുണ്ട്.

webdesk18: