X

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനെതിരെ അപ്രഖ്യാപിത വിലക്കുകമായി യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ സമ്മര്‍ദ്ദത്തിന് വഴങ്ങി ചട്ടങ്ങള്‍ മറികടന്ന തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നു

എം.എസ്.എഫ് കെ.എസ്.യു നേതൃത്വത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എസ്.എഫ്.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ ശ്രമിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത യൂണിയന്‍ എന്ന പരിഗണന തരാതെ എല്ലാത്തിനും തടസ്സം നില്‍ക്കുകയാണ് യൂണിവേഴ്‌സിറ്റി അധികാരികളാണെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്.എഫ്.ഐ നിര്‍ദേശപ്രകാരം ഇടതു ജീവനക്കാരും ഡീനും രജിസ്ട്രാറും ചേര്‍ന്ന് യൂണിയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും ഇതിന് പിന്നിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ നഷ്ടമായ എസ്.എഫ്.ഐ ഭരണ സ്വാധീനം ഉപയോഗിച്ച് യൂണിയനെ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല. ചട്ടം ലംഘിച്ച് വേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിക്കാനുള്ള ആസൂത്രണങ്ങളും നടക്കുന്നു.

സെപ്തംബര്‍ 24 മുതല്‍ അഞ്ചു ജില്ലകളിലായി പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ‘കലാ ജാഥയും” സെപതംബര്‍ 26 മുതല്‍ 28 വരെ പാലക്കാട് വിക്ടോറിയ കോളേജില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റും ,യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ കോളേജുകളില്‍ മാഗസിന്‍ അച്ചടിച്ചു വിതരണത്തിന് തയാറായിട്ടുണ്ട്. വേഗത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഈ പരിപാടികളെല്ലാം അട്ടിമറിക്കാനാണ് ഡീന്‍, രജിസ്ട്രാര്‍, വൈസ് ചാന്‍സലര്‍ ഓഫീസുകള്‍ ഉപയയോഗിച്ചു എസ്.എഫ്.ഐ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പി ജി വിദ്യാര്‍ത്ഥികളുടേതുകൂടിയാണ്.

ഒക്ടോബര്‍ മൂന്നി നാണ് പിജി അഡ്മിഷന്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ യു.ജി അഡ്മിഷന്‍ മാത്രമേ പൂര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ട് എല്ലാ വിഭാഗം അഡ്മിഷനും കഴിഞ് ഒക്ടോബര്‍ 10നെ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കാവൂ എന്നാണ് യൂണിയന്റെ നിലപാടെന്നും ഇതിന് വിരുദ്ധമായി യൂണിവേഴ്‌സിറ്റി തീരുമാനമെടുത്താല്‍ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. എസ്.എഫ്.ഐയുടെ രാഷ്ട്രീയ കളി കാരണം എട്ടുമാസം വൈകിയാണ് യൂണിയന് അധികാരം ലഭിച്ചത്. വെറും മാസങ്ങള്‍ മാത്രമാണ് യൂണിയന് പ്രവര്‍ത്തിക്കാനായത്.

വി.സിയടക്കം ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിലാണ്. വി.സിയുടെ വീ്ട്ടിലേക്കുള്ള വഴിയില്‍ പോലും പാര്‍ട്ടിക്കാര്‍ ഭീഷണി മുഴക്കുന്നു. എസ്.എഫ്.ഐയുടെ കള്ളപരാതി കാരണം ഏറെ വൈകിയാണ് കഴിഞ്ഞ കോളെജ് ഇലക്ഷന്‍ കഴിഞ്ഞത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്ററ് പി.കെ നവാസ് കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് എട്ട് മാസങ്ങള്‍ വൈകി തെരഞ്ഞെടുപ്പ് നടന്നത്.

നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ് മുന്നണിക്ക് വലിയ വിജയമുണ്ടായി. ഇത് എസ്.എഫ്.ഐയെയും അവരെ പിന്തുണക്കുന്ന ഇടത് അനുകൂല ഉദ്യോഗ ഭരണത്തെയും ചൊടിപ്പിച്ചു. കൂടുതല്‍ യു.യു.സിമാരെ വിജയിപ്പിച്ചെടുത്ത യുഡിഎസ്എഫ് സഖ്യം യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ ഡീന്‍ ഓഫീസ് ഉപയോഗിച്ച് പരാതി പരിഹാര പ്രക്രിയ നീട്ടിക്കൊണ്ട് പോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. കൂടുല്‍ പരാതികളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ എസ്.എഫ്.ഐ വ്യാജ പരാതികള്‍ നല്‍കി. ഡീനും ഡീന്‍ ഓഫിസും വൈസ് ചാന്‍സലര്‍ ഡോ എം കെ ജയരാജും ഇടത് സിന്‍ഡിക്കേറ്റും അടങ്ങുന്ന കാലിക്കറ്റ് സര്‍വ്വകലാശാല അധികാരികള്‍ അതിന് കൂട്ട് നിന്നു.

2023 നവംബര്‍ 1 ന് കോളേജ് യൂണിയനുകള്‍ നിലവില്‍ വന്നിട്ടും ജൂണ്‍ പത്താം തിയതിയാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പ് നടത്തിയത്. ജൂണ്‍ പത്തിന് യുണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയനു ചാര്‍ജ് എടുക്കാന്‍ കഴിഞ്ഞത് ആഗസ്റ്റ് മാസത്തിലാണ്. മനപ്പൂര്‍പ്പം ഫയലുകള്‍ വൈകിപ്പിച്ച് യൂണിയന്‍ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ഭരണ സ്വാധീനം ഉപയോഗിച്ച് എസ്.എഫ്.ഐ ശ്രമിക്കുകയായിരുന്നു.

യൂണിയന്‍ ഉദ്ഘാടനം വളരെ വിപുലമായി ജൂലൈ 30ന് സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ പന്തലും ശബ്ദ സജ്ജീകരണവും അതിഥികളുടെ സാന്നിധ്യമടക്കം പുര്‍ണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കെയാണ് വയനാട് വലിയ ദുരന്തമുണ്ടായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവെക്കേണ്ടി വന്നു. പിന്നീട് വളരെ ലളിതമായി ഉദ്ഘാടനം നടത്തിയെങ്കിലും യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ ഒരു സഹകരണവും ലഭിച്ചില്ല.

യൂണിയന്‍ നല്‍കിയ ബജറ്റ് ഇല്ലാത്ത നൂലാമാലകള്‍ പറഞ് മന:പ്പൂര്‍വം വൈകിപ്പിച്ചത് ഡീനാണ്. എസ്.എഫ്.ഐ പറയുന്നതിനൊത്ത് തുള്ളി രാഷ്ട്രീയ പകപോക്കല്‍ നടത്തി കലോത്സവങ്ങള്‍ക്കുള്ള ബജറ്റും മറ്റും വൈകിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട കലോത്സവങ്ങളെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐയും അതിന് കൂട്ട് നില്‍ക്കുന്ന ഡീനും രജിസ്ട്രാറും ഉള്‍പ്പടെയുള്ള സര്‍വ്വകലാശാല അധികാരികളും മാപ്പ് പറയണം. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിദിന്‍ ഫാത്തിമ.പി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഫ്‌വാന്‍.പി, വൈസ് ചെയര്‍മാന്‍ അര്‍ഷദ് വി.കെ, അശ്വിന്‍ നാഥ് കെ.പി, പി.കെ മുബശ്ശിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

webdesk13: