ഫല പ്രഖ്യാപനത്തിന് ശേഷവും ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് തിരുത്തി കാലിക്കറ്റ് സര്‍വകലാശാല. 2022-23 കാലയളവില്‍ മാത്രം 22 പേരുടെ ഇന്റേണല്‍ മാര്‍ക്കാണ് തിരുത്തിയത്. സര്‍ക്കാര്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലേതാണ് കണ്ടെത്തലുകള്‍.
റിസള്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം മാര്‍ക്കില്‍ മാറ്റം വരുത്താനോ തിരുത്താനോ ചട്ടം അനുവദിക്കുന്നില്ല. എന്നാല്‍ 2022-23 കാലയളവില്‍ 22 പേര്‍ക്ക് ഫലപ്രഖ്യാപനത്തിന് ശേഷം ഇന്റേണല്‍ മാര്‍ക്കുകള്‍ തിരുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. അതേസമയം, ഇന്റേണല്‍ മാര്‍ക്കിന്റെ ഘടകങ്ങള്‍ പരിശോധിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തിയ സ്റ്റാന്റിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഒറിജിനല്‍ രേഖകള്‍ പരിശോധിച്ചു ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് തിരുത്തിയത് എന്നാണ് സര്‍വകലാശാല നല്‍കുന്ന മറുപടി. ഈ മറുപടി തൃപ്തികരമല്ലെന്നും ക്രമ വിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കരുതെന്നും റിപ്പോര്‍ട്ട് പറയുന്നു.