തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയ കുത്തുകേസ് പ്രതികള്‍ക്കു പി.ജി പരീക്ഷയില്‍ പൂജ്യവും പത്തില്‍ താഴെയും മാര്‍ക്കുകള്‍. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതിയും പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആര്‍.ശിവരഞ്ജിത്, കേരള സര്‍വകലാശാല എം.എ ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍ നസീമിനും എം.എ ഫിലോസഫി ആദ്യ സെമസ്റ്ററില്‍ രണ്ടു ശ്രമം നടത്തിയിട്ടും തോല്‍വിയായിരുന്നു. ഇരുവരും കഴിഞ്ഞ മൂന്നു സെമസ്റ്ററുകളിലും പാസായിട്ടില്ല. പി.എസ്.സി റാങ്ക് പട്ടികയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് ഇരുവരുടെയും പി.ജി മാര്‍ക്കുകള്‍.
കഴിഞ്ഞ വര്‍ഷമാണ് ശിവരഞ്ജിത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ സപ്ലിമെന്ററിയായി എഴുതിയത്. ഇതില്‍ നാലു പേപ്പറും തോറ്റ് ഈ വര്‍ഷം വീണ്ടും പരീക്ഷയെഴുതി. ആദ്യ തവണ ഇന്ത്യന്‍ ഫിലോസഫി പേപ്പറില്‍ നാലു മാര്‍ക്ക് മാത്രമാണ് ഇയാള്‍ നേടിയത്. രണ്ടാം തവണ പന്ത്രണ്ട് മാര്‍ക്ക്. വെസ്റ്റേണ്‍ ഫിലോസഫിക്ക് മാര്‍ക്ക് മൂന്നര. മറ്റു രണ്ടു പേപ്പറിലും തോറ്റു.
നസീമിന്റെ അവസ്ഥയും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യന്‍ ഫിലോസഫിക്കു ഒന്‍പത് മാര്‍ക്ക് നേടിയ ഇയാള്‍ മോഡേണ്‍ ഇന്ത്യന്‍ തോട്ട്‌സിനും ഫിലോസഫി ഓഫ് സയന്‍സിനും നേടിയത് പൂജ്യം മാര്‍ക്ക് വീതം. പ്രകടനം മോശമായതോടെ വളഞ്ഞ വഴിയില്‍ പരീക്ഷാ കടമ്പ കടക്കാന്‍ സര്‍വകലാശാല ഉത്തരക്കടലാസുകള്‍ മോഷ്ടിക്കുകയായിരുന്നെന്നാണ് സൂചന.