തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം.
അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികള പിടികൂടാൻ തയ്യാറാകാതെ കീഴടങ്ങല്‍ നാടകത്തിന് കളമൊരുക്കാനാണ് ശ്രമം നടക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാസ് മാത്രമാണ് ഇത് വരെ പിടിയിലായത്.
കേസില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്. കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തിലുണ്ടെന്ന് അഖിലും അഖിലിന്‍റെ അച്ഛനും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പ്രതികള്‍ക്ക് പൊലീസില്‍ കീഴടങ്ങുന്നതിന് അവസരം ഒരുക്കുന്നതിന് ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി ഇടപെടല്‍ ഇതിനായി നടക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസിനെ അക്രമിച്ച കേസില്‍ ‘പിടികിട്ടാപ്പുള്ളിയായ’ നസീം വിവാദങ്ങള്‍ക്കൊടുവില്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
എന്നാൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി ഓഫീസുകളിൽ അടക്കം പരിശോധന നടത്താൻ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല. കേസിൽ ഏഴ് പ്രതികൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് നിലവിൽ പൊലീസ് നീക്കം.