X

നിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ കബളിപ്പിച്ച് സര്‍വകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു. സംസ്ഥാനത്ത് നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ കെ.എസ്.ആന്റ് എസ്.എസ്.ആര്‍ ചട്ട ഭേദഗതി നടത്തേണ്ടതുണ്ടെന്ന പി.എസ്.സി ചെയര്‍മാന്‍ സര്‍വകലാശാലയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.

വൈസ് ചാന്‍സലര്‍ കൂടി പങ്കെടുത്ത പരിപാടിക്കിടെയുള്ള ഈ വിശദീകരണത്തോടെ സര്‍വകലാശാലയില്‍ നടത്തിയ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കിയത് നിയമപ്രകാരമല്ലെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷം സര്‍വകലാശാല നടത്തിയ അസിസ്റ്റന്റ് പ്രഫസര്‍, ഈ വര്‍ഷത്തെ അസോസിയേറ്റ് പ്രഫസര്‍ നിയമനങ്ങളില്‍ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ വെച്ച് നാല് ശതമാനം ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, കെ.എസ്.ആന്റ് എസ്.എസ് ആര്‍ ചട്ട ഭേദഗതി വരുത്തുന്നതിന് മുമ്പ് നടത്തിയ ഈ നിയമനങ്ങളുടെ ഭാവിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കൂടാതെ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ അനുസരിച്ചല്ല മറിച്ച് ഹൊറിസോണ്ടല്‍ വ്യവസ്ഥ അനുസരിച്ചാണ് ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടതെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി. ഇതിനായി 2019 ല്‍ സാമൂഹിക നീതി വകുപ് പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവില്‍ ഭിന്നശേഷി ക്കാര്‍ക്കായി നീക്കിവെച്ച 26, 76 ഊഴങ്ങള്‍ നിലവില്‍ മുസ്‌ലിങ്ങള്‍ക്ക് നിയമപ്രകാരം നല്‍കിക്കഴിഞ്ഞവയാണ് എന്നതിനാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സങ്കീര്‍ണതയാല്‍ പി.എസ്.സി ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.

എന്നാല്‍, തെറ്റായ രീതിയില്‍ ഉത്തരവ് നടപ്പാക്കിയ സര്‍വകലാശാല, അധ്യാപക നിയമനങ്ങള്‍ നിയമക്കുരുക്കിലാക്കിയിരിക്കുകയാണ്. സ്റ്റാറ്റിറ്റിക്‌സ് വകുപ്പില്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയുടെ നിയമനം ഉറപ്പിക്കാന്‍ ഭിന്നശേഷി സംവരണം ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥയില്‍ തെറ്റായി നടത്തിയെന്ന് കഴിഞ്ഞ ദിവസം സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Test User: