സുഫ്‌യാന്‍ അബ്ദുസ്സലാം
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനവും അതിനെ തുടര്‍ന്ന് ഗവര്‍ണറും വൈസ് ചാന്‍സലറും തമ്മിലുണ്ടായ വാഗ്വാദങ്ങളും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് വലിയ കളങ്കങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഇതൊരു കേവല രാഷ്ട്രീയ തര്‍ക്കമായി കാണുന്നതിന് പകരം അടിയന്തര പരിഹാരം ആവശ്യമായിട്ടുള്ള വിഷയമാണ്. കക്ഷി രാഷ്ട്രീയവും ട്രേഡ് യൂണിയനിസവും വാച്ച്മാന്‍ തൊട്ട് വൈസ് ചാന്‍സലര്‍ വരെ ബാധിച്ചുകഴിഞ്ഞ നമ്മുടെ സര്‍വകലാശാലകള്‍ ഇന്ത്യയിലെ ഇതര സര്‍വകലാശാലകളുമായി തുലനം ചെയ്യുമ്പോള്‍ റാങ്കിംഗില്‍ പിന്നിലാണെന്ന കാര്യം കൂടി വിലയിരുത്തേണ്ടതുണ്ട്. മലയാളി വിദ്യാര്‍ത്ഥികളുടെ അന്യ സംസ്ഥാനങ്ങളിലേക്കുള്ള ഒഴുക്ക് ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാവട്ടെ അവരുടെ പരീക്ഷകളുടെയും പരീക്ഷാഫലങ്ങളുടെയും കാര്യങ്ങളില്‍ വലിയ ആശങ്കയിലുമാണ്. കോളജുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ അവലംബമായിരുന്ന വിദൂര പഠന സംവിധാനങ്ങള്‍ അനിശ്ചിതത്വത്തിലുമാണ്. ഈ ഒരു സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടപടികളുമാണ് ആവശ്യമായിട്ടുള്ളത്.
1937 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ സ്ഥാപിച്ച തിരുവിതാംകൂര്‍ സര്‍വകലാശാലയാണ് കേരളത്തിലെ പ്രഥമ സര്‍വകലാശാല. അദ്ദേഹം ചാന്‍സലറും പത്‌നി സേതു ലക്ഷ്മി ഭായ് പ്രോചാന്‍സലറും ആയിരുന്നു. ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യരായിരുന്നു പ്രഥമ വൈസ് ചാന്‍സലര്‍. ഉന്നത വിദ്യാഭ്യാസമുള്ള സര്‍ സിപി നിയമ പണ്ഡിതനും മദ്രാസ് പ്രസിഡന്‍സിയുടെ അഡ്വക്കറ്റ് ജനറലുമായിരുന്നുവെങ്കിലും അത്രയൊന്നും മിടുക്ക് പോരാ, ഒരു സര്‍വകലാശാലയുടെ വിസി പദവിയിലിരിക്കാന്‍ ഒരു വൈജ്ഞാനിക പ്രതിഭ തന്നെ വേണമെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. അങ്ങനെയായിരുന്നു ലോകപ്രശസ്ത ശാസ്ത്രജ്ഞനും ആപേക്ഷികസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് സര്‍ സിപി ക്ഷണിച്ചത്. പ്രമുഖ ചരിത്രകാരന്‍ എ.ശ്രീധരമേനോന്‍ എഴുതിയ കേരളചരിത്രത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഐന്‍സ്റ്റിന്‍ അക്കാലത്ത് അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നത് കൊണ്ട് സര്‍ സിപിയുടെ ശ്രമം വിജയിച്ചില്ല.
1957 ല്‍ കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച സര്‍വകലാശാല ഭേദഗതി ബില്ലിലൂടെയാണ് തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സര്‍വകലാശാലയാവുന്നത്. കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി സര്‍ക്കാറും പ്രതിപക്ഷവും കണ്ടെത്തിയത് സ്വതന്ത്ര ഇന്ത്യയുടെ ധനകാര്യമന്ത്രി, റെയില്‍വേ മന്ത്രി, മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളിലൂടെ തിളങ്ങിയ സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ മത്തായിയെയായിരുന്നു. 1968 ല്‍ കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ കത്തോലിക്കാ സഭയുടെ പ്രമുഖ വക്താവായിരുന്ന ഷെവലിയാര്‍ കെ.സി.ചാക്കോയെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചുകൊണ്ടാണ് സി.എച്ച്. പ്രവര്‍ത്തനം ആരംഭിച്ചത്. എഞ്ചിനീയറിംഗ് സാങ്കേതിക കലാലയങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച കെ.സി.ചാക്കോ അന്ന് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കൂടിയായിരുന്നു. അദ്ദേഹത്തെ പിന്നീട് സി.എച്ച്. പ്രോവൈസ് ചാന്‍സലര്‍ക്കുകയും ചെയ്തു. ഒരു വര്‍ഷക്കാലത്തോളം ഒരു നല്ല വൈസ് ചാന്‍സലറെ ലഭിക്കാന്‍ സി.എച്ച് അന്വേഷണം നടത്തി. അങ്ങനെയാണ് രാഷ്ട്രീയ പരിഗണന ഒന്നുമില്ലാതെ ബംഗളുരു റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടര്‍ പ്രൊഫ. എം.എം.ഗനി കാലിക്കറ്റിലെ പ്രഥമ വൈസ് ചാന്‍സലറായി നിയമിതനാവുന്നത്. ഇത് വ്യക്തമാക്കുന്നത് രാഷ്ട്രീയത്തിനതീതമായി അക്കാദമികമായ യോഗ്യതയും കഴിവും പ്രാപ്തിയുമായിരിക്കണം ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കുണ്ടാവേണ്ടതെന്ന സുചിന്തിതമായ കാഴ്ചപ്പാടായിരുന്നു കേരളത്തിനുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യമാണ്.
അതേസമയം സര്‍വകലാശാലക്ക് മേല്‍ ഒരു ‘രാഷ്ട്രീയ പിടുത്തം’ ആവശ്യമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ മറ്റു ചില വ്യവസ്ഥകള്‍ 1957 ലെ മുണ്ടശ്ശേരിയുടെ ബില്ലില്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രി ആയിരിക്കണം പ്രോചാന്‍സലര്‍ എന്നായിരുന്നു അതിലൊന്ന്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കേന്ദ്രത്തില്‍ നിന്നും വരുന്ന ഗവര്‍ണര്‍ ആകുന്നത് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വിഘാതമാകുമോ എന്ന ചിന്തയില്‍ നിന്നാണ് ഈ വ്യവസ്ഥ കടന്നുവന്നത്. പി.ടി.ചാക്കോ, പട്ടം താണുപിള്ള, സി.എച്ച്.മുഹമ്മദ് കോയ എന്നീ പ്രതിപക്ഷത്തെ അതികായന്മാര്‍ ശക്തിയുക്തം അതിനെ എതിര്‍ത്തു. വൈസ് ചാന്‍സലര്‍ അടക്കമുള്ള ഉന്നത പദവികളിലേക്കുള്ള നിയമനങ്ങളില്‍ രാഷ്ട്രീയം കടന്നുവരാന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്ന് പ്രതിപക്ഷനേതാവ് പി.ടി.ചാക്കോ ചൂണ്ടിക്കാണിച്ചു. കേരളം ഭരിക്കുന്നത് രാഷ്ട്രീയകക്ഷികളാണെന്നും ഭാവിയിലും രാഷ്ട്രീയക്കാര്‍ തന്നെയാണ് ഭരിക്കുകയെന്നും വിദ്യാഭ്യാസമില്ലാത്തവര്‍ പോലും വിദ്യാഭ്യാസ മന്ത്രിമാര്‍ ആവാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ പ്രോചാന്‍സലര്‍ പദവിയില്‍ വിദ്യാഭ്യാസമന്ത്രിയെ പരിഗണിച്ചുകൂടാത്തതാണെന്നുമായിരുന്നു പട്ടം ദീര്‍ഘവീക്ഷണത്തോടെ വാദിച്ചത്.
സി.എച്ച് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ ഗവര്‍മെന്റ് യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ കൈകടത്തുന്നില്ലെങ്കില്‍ പ്രോചാന്‍സലര്‍ അധികപ്പറ്റാണ്. കൈകടത്തുമെങ്കില്‍ പ്രോചാന്‍സലര്‍ ഒരു ആപത്താണ്. ‘അജഗളസ്തനം’ പോലെ അധികപ്പറ്റായ പ്രോചാന്‍സലറുടെ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി എന്തിനാണ് ശാഠ്യം പിടിക്കുന്നത്? യൂണിവേഴ്‌സിറ്റിയുടെ അധികാരത്തില്‍ അനുവദിക്കാവുന്നിടത്തോളം സ്വാതന്ത്ര്യം അനുവദിക്കേണ്ടതാണ്.’ (നിയമസഭ 22/08/1957). ബില്‍ ഭൂരിപക്ഷത്തോടെ പാസാവുകയും നിയമമാവുകയും ചെയ്തു. ഇതായിരുന്നു രാഷ്ട്രീയത്തിന് സര്‍വകലാശാലയിലേക്ക് ചേക്കേറാനുള്ള അവസരം ഒരുക്കുന്നതില്‍ ആദ്യത്തെ നടപടി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ ഇടപെടലുകള്‍ തങ്ങളുടെ രാഷ്ട്രീയ മേധാവിത്വം ഉറപ്പിക്കാനായിരിക്കരുത്. നീതിപൂര്‍വകമായ നിയന്ത്രണങ്ങള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ തെറ്റല്ല. 1969 ല്‍ സി.എച്ച്. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അദ്ദേഹം നിയമസഭയില്‍ ‘കേരള യൂണിവേഴ്‌സിറ്റി ആക്റ്റ് 1969’ അവതരിപ്പിച്ചപ്പോള്‍ അതില്‍ െ്രെപവറ്റ് കോളേജുകള്‍ക്ക് മേല്‍ ചില വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. പ്രൈവറ്റ് കോളജുകളുടെ മേല്‍ സര്‍ക്കാറിന്റെ ഒരു കണ്ണുണ്ടായിരിക്കല്‍ അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആക്റ്റിന്റെ 48ാം വകുപ്പില്‍ പ്രൈവറ്റ് കോളജുകളുടെ മാനേജ്‌മെന്റ് കൗണ്‍സിലില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരിക്കണം എന്ന നിബന്ധന ചേര്‍ത്തിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നു പ്രതിപക്ഷം വാദിച്ചു. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട സി.എച്ച്. തന്നെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.എച്ച്. അന്ന് അതിന് നല്‍കിയ മറുപടി ഉറച്ചതായിരുന്നു. ധാര്‍മികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഭരണഘടനയുടെ 30(1) ല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം പരമമായ അവകാശമാണ്. ആ അവകാശത്തില്‍ ഒരു ന്യായമായ നിയന്ത്രണം പോലും പാടില്ലെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ നടത്താനുള്ള അവകാശം കൊടുത്തിട്ടുണ്ട്. പക്ഷെ ഇഷ്ടം പോലെ അവയെ നടത്തിക്കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.’ (നിയമസഭാ ആര്‍ക്കൈവ്‌സ് 15/01/1969).
ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും എടുത്തുമാറ്റി പകരം മുഖ്യമന്ത്രിക്ക് നല്‍കാനുള്ള പിണറായിയുടെ ശ്രമം അത്യന്തം ആപത്കരമാണ്. രാഷ്ട്രീയത്തില്‍ നിന്നും അതിരാഷ്ട്രീയത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ കൊണ്ടെത്തിക്കാന്‍ മാത്രമേ അത് ഉപകരിക്കൂ. കേരളത്തിലെ നിയമ സര്‍വകലാശാലയായ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ ചാന്‍സലര്‍ കേരള ചീഫ് ജസ്റ്റിസ് ആണ് എന്ന കാര്യമെങ്കിലും ഓര്‍ക്കേണ്ടതുണ്ട്. ഗവര്‍ണറുടെ ‘രാഷ്ട്രീയ’ത്തില്‍ നിന്നും സര്‍വകലാശകലകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തില്‍ നിന്നും ചാന്‍സലര്‍ പദവി നീക്കുന്നതെങ്കില്‍ പകരം അത് ചീഫ് ജസ്റ്റിസിന് നല്‍കി രാഷ്ട്രീയ മുക്തമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.