X

സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്; പ്രതിസന്ധി മറികടക്കാന്‍ ഫീസ് വര്‍ധനക്ക് നീക്കം

തേഞ്ഞിപ്പലം : സര്‍ക്കാറിന്റെ വ്യത്യസ്ത പരിഷ്‌കാരങ്ങള്‍ കാരണം സര്‍വകലാശാലകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്. വിദൂര വിദ്യാഭ്യാസ വിഭാഗം വഴിയുള്ള വരുമാനമായിരുന്നു കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ വരുമാനം. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വന്നതോടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഓപ്പണ്‍ സര്‍വകലാശാലക്കു കീഴിലേക്ക് മാറ്റുകയായിരുന്നു. ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാതായതോടെ വീണ്ടും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴിയുള്ള കോഴ്‌സുകളില്‍ പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പഴയ രീതിയില്‍ പ്രവേശനമെടുക്കാന്‍ വിദ്യാര്‍ഥികളെ കിട്ടിയില്ല. യു.ജി.സി അംഗീകരിക്കാത്ത പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി പഠിച്ചിറങ്ങുന്നവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് സര്‍വകലാശാല അധികാരികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതോടെ സര്‍വകലാശാലക്കു കീഴില്‍ പഠിക്കുന്ന ആയിരക്കണക്കിനാളുകളുടെ ഭാവി അവതാളത്തിലാവുകയായിരുന്നു. എന്നാല്‍ യു.ജി.സി ഡിസ്റ്റന്‍സ് വഴിയുള്ള പ്രവേശനത്തിന് അനുമതി നല്‍കിയെങ്കിലും കഴിഞ്ഞ ഡിസംബര്‍ 15 ന് ശേഷം കോഴ്‌സ് രജിസ്‌ടേഷന്‍ യു.ജി.സി തടഞ്ഞതോടെ സര്‍വകലാശാലകളുടെ വരുമാനം കുത്തനെ കുറഞ്ഞു.

ഇതിനിടയില്‍ പെന്‍ഷന്‍ ഫണ്ട് ഉള്‍പ്പെടെ സര്‍വകലാശാലകള്‍ കണ്ടെത്തണമെന്ന നിര്‍ദേശത്താല്‍ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലേക്കാണ് സര്‍വകലാശാലകള്‍ എത്തുന്നത്. കോളജുകളുടെയും കോഴ്‌സുകളുടെയും അഫിലിയേഷന്‍ ഫീസ്, പരീക്ഷാ ഫീസ്, അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചാലല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന രീതിയിലേക്ക് സര്‍ക്കാര്‍ സര്‍വകലാശാലകളെ സാമ്പത്തികമായി വരിഞ്ഞു മുറക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്കു മേല്‍ വന്‍ ഫീസ് വര്‍ധനവാണ് വരാനിരിക്കുന്നത്.

നാഷണല്‍ ഹൈവേ വികസനത്തിന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പതിനഞ്ച് ഏക്കറയോളം ഭൂമി വിട്ടു നല്‍കിയ ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന നൂറ് കോടിയോളം രൂപ സര്‍വകലാശാല സ്വയംഭരണാധികാര സ്ഥാപനമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അക്കൗണ്ടിലാണുള്ളത്. സര്‍വകലാശാലയോട് പ്രൊജക്റ്റ് നല്‍കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടും സര്‍വകലാശാല അക്കൗണ്ടിലേക്ക് പണം കൈമാറാതെ സര്‍വകലാശാലയുടെ സ്വയംഭരണത്തില്‍ കൈകടത്തുന്ന സമീപനമാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റേത്.

വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി അക്ക്വയര്‍ ചെയ്ത സര്‍വകലാശാല ഭൂമി എന്‍.എച്ച് വികസനത്തിന് നല്‍കിയിട്ടും പണം വിട്ടു നല്‍കാത്ത ഇടതു സര്‍ക്കാറിന്റെ സമീപനത്തെ ചോദ്യം ചെയ്യാതെ വൈസ് ചാന്‍സലറും ഇടതു സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രി പറയുന്നത് കേട്ട് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി തിരുവനന്തപുരത്ത് നിന്ന്തിരിച്ചു വന്ന് എന്തോ കാര്യം നേടിയെന്ന മട്ടില്‍ പത്രക്കുറിപ്പിറക്കുകയായിരുന്നു. ആയിരത്തി അഞ്ഞൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും നാല്‍പ്പതോളം പഠനവിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പളം, നൂറുകണക്കിന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്‍ഷന്‍ ഇതെല്ലാം വന്‍ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ എങ്ങനെ കണ്ടെത്തുമെന്നതിന് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനയാണെന്നാണ് മറുപടി.

Test User: