തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിനാണ് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍.
2017ലാണ് ഇയാള്‍ പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്നാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ്.എഫ്.ഐ.യില്‍നിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ എസ്.എഫ്.ഐ. മുന്‍ നേതാവും.
പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്‍ക്ക് എസ്.എം.എസ്. കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളില്‍നിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്‍നിന്ന് 78 മെസേജും കിട്ടി. ആകെ നാലു നമ്പറുകളില്‍നിന്നാണ് എസ്.എം.എസ്. വന്നത്. ഇതില്‍ ഒരു നമ്പറില്‍നിന്നുതന്നെ രണ്ടുപേര്‍ക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണു സംശയം. അതിനാല്‍, ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പോലീസിനോട് ആവശ്യപ്പെട്ടത്.