ലണ്ടന്‍: പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനെ സ്വന്തമാക്കാനായി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്. ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ സ്വന്തമാക്കാനാണ് യുണൈറ്റഡ് നീക്കമെന്ന് ‘എല്‍ എക്വിപ’് റിപ്പോര്‍ട്ട് ചെയ്യുന്നു. പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ പിന്‍മാറ്റം ക്ലബ്ബ് തള്ളിക്കളയുന്നില്ല. പ്രീമിയര്‍ ലീഗ് ക്ലബ്ബുമായി താരത്തിന്റെ ഇടനിലക്കാര്‍ ചര്‍ച്ച ആരംഭിച്ചതായും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ദരിച്ച് എല്‍ എക്വിപ് പറയുന്നു. കിലിയന്‍ എംബാപ്പെയെ മുഖ്യതാരമാക്കി ടീമിനെ അച്ചടക്കത്തോടെ ചിട്ടപ്പെടുത്താനാണ് പി.എസ്.ജി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെയ്മറിനെ വില്‍ക്കാന്‍ ഈ സീസണോടെ പി.എസ്.ജി തയാറാവും. സീസണോടെ ക്ലബ്ബ് വിടാനാണ് നെയ്മറും ആഗ്രഹിക്കുന്നത്. ക്ലബ്ബിന്റെ ആരാധകര്‍ നെയ്മറിനും മെസ്സിക്കുമെതിരെ നിരന്തരമായ വിമര്‍ശനം അഴിച്ചുവിടുന്നതില്‍ താരങ്ങള്‍ നിരാശരാണ്. 2027 വരെ നെയ്മറിന് പി.എസ്.ജിയുമായി കരാറുണ്ട്. നെയ്മറിന്റെ ബ്രസീലിന്‍ സഹതാരം കാസെമിറോയാണ് എറിക് ടെന്‍ഹാഗിന്റെ യുണൈറ്റഡിലേക്ക് താരത്തെ അടുപ്പിക്കുന്നത്. ആറ് വര്‍ഷം മുമ്പ് ബാഴ്‌സിലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ആയിരുന്നു നെയ്മര്‍ എത്തിയത്. ചെല്‍സിയും നെയ്മറിനായി രംഗത്തുണ്ടെങ്കിലും അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലേക്ക് ചെല്‍സിക്ക് യോഗ്യത നേടാനാവാത്തതിനാല്‍ ചെല്‍സിയിലേക്ക് നെയ്മര്‍ പോകാനുള്ള സാധ്യത വിരളമാണ്.