പത്തു വര്‍ഷം മുമ്പേ, യു.എ.ഇ രാജ്യത്തിന്റെ നാല്‍പതാം വാര്‍ഷികമാഘോഷിച്ചത് ഹൃദയത്തെ തൊടുന്ന ഒരു മുദ്രാവാക്യവുമായിട്ടായിരുന്നു. കുല്ലുനാ ഖലീഫ, അഥവാ നമ്മളെല്ലാവരുമാണ് ഖലീഫ എന്നതായിരുന്നു ഈ വാചകം. രാജ്യഭരണം നിര്‍വഹിക്കുന്ന ഭരണാധികാരിയും രാജ്യത്ത് അധിവസിക്കുന്നവരും ഒറ്റക്കെട്ടായി ഒരു ദേശത്തെ ആഘോഷിക്കുകയായിരുന്നു അന്ന്. അതൊരു വെറും വാക്കല്ലെന്ന് യു.എ.ഇ ജീവിതം അനുഭവിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്നതാണ്. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണവാര്‍ത്ത വന്നതു മുതല്‍ അറബ് ജനതയുടെ കൂടെ മുപ്പതു ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരുള്‍പ്പടെ ലോകമെങ്ങുനിന്നുമുള്ള പ്രവാസ സമൂഹങ്ങള്‍ അതീവ ദുഖിതരാണ്.
ആധുനിക യു.എ.ഇയുടെ ശില്‍പിയായിരുന്നു ഷെയ്ഖ് ഖലീഫ. ഇരുനൂറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശാന്തിയും സമാധാനവുമറിഞ്ഞു ജീവിക്കുന്ന, ദേശവേഷഭാഷാ ഭിന്നതകള്‍ മനുഷ്യര്‍ തമ്മിലുള്ള അടുപ്പം കുറക്കാതെയും മതജാതി വംശ വര്‍ഗ വൈവിധ്യങ്ങള്‍ മനുഷ്യരെ പരസ്പരം അകറ്റാതെയും പുലരുന്ന യു.എ.ഇ എന്ന മാതൃകാ രാജ്യത്തിന്റെ നായകന്‍ എന്ന നിലയില്‍ ഇവിടത്തെ ഭരണാധികാരികള്‍ക്ക് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. ലോകം ഭിന്നതകള്‍ കൊണ്ട് പൊറുതിമുട്ടുമ്പോള്‍ സഹിഷ്ണുത ഒരു സന്ദേശമാക്കി 2019ല്‍ സഹിഷ്ണുതാവര്‍ഷം ആചരിച്ചു യു.എ.ഇ. തലസ്ഥാനനഗരിയായ അബുദാബിയിലേക്കുള്ള മാര്‍പ്പാപ്പയുടെ സന്ദര്‍ശനവും ക്ഷേത്രനിര്‍മാണവും അബ്രാഹം ഉടമ്പടിയുമടക്കം യു.എ.ഇ ശൈഖ് ഖലീഫയുടെ നേതൃത്വത്തിനു കീഴില്‍ രൂപപ്പെടുത്തിയ സഹവര്‍ത്തിത്വത്തിന്റെ സന്ദേശം ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് വിദേശികളെയൊന്നാകെ അതിഥികളായി പരിചരിച്ചു ഈ രാജ്യം. സൗജന്യ ചികിത്സയും വാക്‌സിനേഷനും അടക്കമുള്ള ആരോഗ്യ സേവനങ്ങള്‍ ഒരുക്കിനല്‍കിയും ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ യു.എ.ഇ മനുഷ്യപ്പറ്റിന്റെ ഉദാഹരണമായി തിളങ്ങി. ആ ഭീതിയുടെ വേളയില്‍ ഫ്രണ്ട്‌ലൈന്‍ ഹീറോസ് ഓഫീസ് സ്ഥാപിച്ചുകൊണ്ടാണ് യു.എ.ഇ ഇവിടത്തെ പൗരന്മാരെയും താമസക്കാരെയും ചേര്‍ത്തുപിടിച്ചത്.
ഐക്യ അറബ് നാടുകളായ യു.എ.ഇയുടെ രാഷ്ട്രപിതാവും ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ നന്മകളുടെ പൂര്‍ത്തീകരണമായിരുന്നു പുത്രനെന്ന് എന്റെ അറബ് സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ശൈഖ് സായിദ് തന്നെയും ഒരിക്കല്‍, ഞാനാണ് ഏറ്റവും ഉദാരനെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍, അതവര്‍ എന്റെ മകന്‍ ഖലീഫയെ പരിചയപ്പെടാത്തതുകൊണ്ടാണെന്ന് പറഞ്ഞതായി അവര്‍ അനുസ്മരിക്കുന്നത് കേട്ടിട്ടുണ്ട്. പിതാവായ ഷെയ്ഖ് സായിദിന്റെ പിന്‍ഗാമിയായി, സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാത പിന്തുടരുകയായിരുന്നു ശൈഖ് ഖലീഫയും. ശൈഖ് സായിദിന്റെ സല്‍പ്പേരും നേട്ടങ്ങളും നിലനിര്‍ത്താനുള്ള ശേഷിയും പ്രതിബദ്ധതയും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മാത്രമല്ല, തന്റേതായ നേതൃശൈലി വികസിപ്പിക്കുകയും രാജ്യത്തിന്റെ ഉത്തരോത്തരമുള്ള അഭിവൃദ്ധിക്കായി ഉറച്ച അടിത്തറയിലുള്ള ചുവടുകള്‍ കണ്ടെത്തുകയും ചെയ്തു അദ്ദേഹം. പിതാവ് ഒരു മികച്ച അധ്യാപകനായിരുന്നു, ഞാന്‍ ദിവസവും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കുന്നു, അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു, അദ്ദേഹത്തിന്റെ മൂല്യങ്ങളും എല്ലാ കാര്യങ്ങളിലുമുള്ള ക്ഷമയും വിവേകവും അനുധാവനം ചെയ്യുന്നുവെന്ന് 1990ല്‍ ഷെയ്ഖ് ഖലീഫ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ലോകത്തിനു മുമ്പാകെ വാതില്‍ തുറന്നിടുന്ന സാമ്പത്തികനയത്തിലും രാജ്യത്തെ പൗരന്മാരുമായി പതിവായി കൂടിയാലോചനകള്‍ നടത്തുന്ന രീതിയിലും അതുവഴി അവരുടെ ആവശ്യങ്ങളും ആശങ്കകളും അറിയുകയും പിന്തുടരുകയും ചെയ്യുന്നതിലും ശൈഖ് ഖലീഫ എപ്പോഴും പിതാവിന്റെ തനിപ്പകര്‍പ്പായിരുന്നു. അതുകൊണ്ടു തന്നെയാണ് യു.എ.ഇ അതിന്റെ നാല്‍പതാണ്ട് ആഘോഷമാക്കിയപ്പോള്‍ കുല്ലുനാ ഖലീഫയെന്ന വ്യത്യസ്തമായ മുദ്രാവാക്യം ഉയര്‍ത്തി ഭരണാധികാരിയെ ആദരിച്ചതും.
യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരിയുമായ ശൈഖ് ഖലീഫ യു.എ.ഇയെ ആധുനികവും നൂതനവുമായ ലോകരാജ്യമാക്കി മാറ്റുന്നതിനാണ് നേതൃത്വമേകിയത്. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പോലുള്ള ജനാധിപത്യ സഭകള്‍ ആരംഭിച്ചത് ഉള്‍പ്പെടെ ഒട്ടേറെ ഭരണപരിഷ്‌കാരങ്ങളും യു.എ.ഇയെ സാമ്പത്തിക ശക്തിയാക്കി മുന്നേറുന്നതിനുള്ള ചുവടുകളും അളവറ്റ ദയാവായ്പും ശൈഖ് ഖലീഫയുടെ ഭരണകാലത്തെ വിശേഷങ്ങളാണ്. ലോകരാജ്യങ്ങളില്‍ നിര്‍ണായക പദവിയിലേക്ക് യു.എ.ഇയെ നയിച്ച നായകനാണ് വിടവാങ്ങിയത്. എമിറേറ്റുകളില്‍ ഏറെ വലിപ്പവും വലിയ എണ്ണ സമ്പത്തും ഉണ്ടായിരുന്നിട്ടും, ദുബായ് എന്ന തിളങ്ങുന്ന അയല്‍ എമിറേറ്റിനാല്‍ അബുദാബി പലപ്പോഴും മറഞ്ഞിരുന്നു, ശൈഖ് ഖലീഫയുടെ കാലം അബുദാബി കൂടി ലോകത്തിന്റെ ശ്രദ്ധാബിന്ദുവായിമാറി. രാജ്യത്തിന്റെ അഭിമാന സ്തംഭമായി ദുബായില്‍ ഉയര്‍ന്ന മഹാഗോപുരത്തിന്റെ നാമധേയം ശൈഖ് ഖലീഫയുടെ മഹത്വവും പെരുമയുമാണ് കാണിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങിയ 2008-09 കാലയളവില്‍ ശൈഖ് ഖലീഫ ഫെഡറേഷനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി, ബില്യണ്‍ കണക്കിന് ഡോളര്‍ അടിയന്തര രക്ഷാഫണ്ടായി രാജ്യത്തിന്റെ വ്യാപാരമേഖലയിലേക്കും നിര്‍മാണ മേഖലയിലേക്കും പമ്പ് ചെയ്തു. ഇത്തിഹാദ് എയര്‍വേസ് മുതല്‍ ലൂവ്രെ മ്യൂസിയത്തിന്റെ അബുദാബി ശാഖ, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെയും സോര്‍ബോണ്‍ സര്‍വകലാശാലയുടെയും സാറ്റലൈറ്റ് കാമ്പസുകള്‍ പോലുള്ള സാമ്പത്തികവും സാംസ്‌കാരികവും അക്കാദമികവുമായ രംഗങ്ങളെ ആകര്‍ഷിക്കാന്‍ ശൈഖ് ഖലീഫ അബുദാബിയുടെ എണ്ണസമ്പത്ത് കൂടുതലായി ഉപയോഗിച്ചു. മസ്ദര്‍ പോലുള്ള പദ്ധതികള്‍ പുനരുപയോഗ ഊര്‍ജ ഗവേഷണത്തില്‍ നിക്ഷേപം നടത്തുകയും പെട്രോഡോളര്‍ സമ്പദ് വ്യവസ്ഥയെ ആശ്രയിക്കുന്നതിനുമപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിക്കുകയും ചെയ്തു.
1971ല്‍ യു.എ.ഇ രൂപീകരണശേഷം മഹാനായ ശൈഖ് സായിദിന്റെ മൂത്തമകനായ ശൈഖ് ഖലീഫ, ഏഴു എമിറേറ്റുകളുടെയും ഭരണനിര്‍വഹണത്തില്‍ ഏറ്റവും ശക്തമായ സ്ഥാനം വഹിച്ചുപോന്നു. അബുദാബിയുടെ പാരമ്പര്യ ‘ഭരണാധികാരി എന്ന നിലയിലായിരുന്നു അത്. അതുവഴി യു.എ.ഇയുടെ പ്രസിഡന്റ് എന്ന പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഉരുത്തിരിയുകയായിരുന്നു. 1974 ജനുവരിയിലാണ് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അധ്യക്ഷനായും വൈകാതെത്തന്നെ രണ്ടാം ഫെഡറല്‍ കാബിനറ്റില്‍ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായും അദ്ദേഹം ആദ്യമായി ചുമതലയേറ്റത്. 1976ല്‍, യു.എ.ഇ.ക്കായി ഒരു ഏകീകൃത സായുധസേനയെ സൃഷ്ടിക്കാനുള്ള ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ തീരുമാനത്തെത്തുടര്‍ന്ന്, പരിശീലനത്തിന്റെയും ആധുനിക ഉപകരണങ്ങള്‍ അവതരിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്തത്തോടെ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറായി അദ്ദേഹം നിയമിതനായി. 1988ല്‍ സ്ഥാപിതമായ സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെയും അബുദാബിയുടെ സാമ്പത്തിക പുരോഗതിയുടെ നാള്‍വഴിയിലെ നാഴികക്കല്ലായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെയും രൂപീകരണം ശൈഖ് ഖലീഫയുടെ ദീര്‍ഘദൃഷ്ടിയുടെ ഫലമായിരുന്നു.
2004ല്‍ പിതാവിന്റെ വിയോഗമാണ് യു.എ.ഇയുടെയും ശൈഖ് ഖലീഫയുടെയും ജീവിതഗതിയിലെ ഏറ്റവും സങ്കടകരവും നിര്‍ണായകവുമായ നിമിഷം, ആ ദേശീയ ദുഖാചരണത്തിന്റെ മുഹൂര്‍ത്തത്തിലുള്ള ഷെയ്ഖ് ഖലീഫയുടെ വാക്കുകള്‍ ഞാനിന്നും ഓര്‍ക്കുന്നു. ഭൂ്രതകാലത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുകയും ഭാവിയിലേക്കുള്ള പ്രയാണത്തിന്റെ ഗതി നിശ്ചയിക്കുകയും ചെയ്യുന്ന ഒരവസരം എന്നായിരുന്നു അന്നദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. രാജ്യവും ഭാവിയും അനിശ്ചിതത്വത്തില്‍ അകപ്പെടാന്‍ പാടില്ലെന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു നേതാവിന്റെ തിരിച്ചറിവായിരുന്നു അത്. പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്നുകൊണ്ടുള്ള ആ തിരിച്ചറിവോടെയും ജനങ്ങളുടെ ക്ഷേമത്തോടുള്ള അഗാധമാപ്രതിബദ്ധതയോടെയും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ആത്യന്തികമായി ഇന്നത്തെ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുവരാനും ശൈഖ് ഖലീഫക്ക് സാധിച്ചു.