തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പെയിന്റടിക്കണമെന്ന ഉത്തരവ് ഇറക്കിയതില്‍ അഴിമതി നടന്നുവെന്നും ബെഹ്‌റക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന പൊതുതാല്‍പര്യ ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു.
ഈ മാസം 20നുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ബെഹ്റയോട് കോടതി നിര്‍ദ്ദേശിച്ചു. പൊലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിലുളള പെയിന്റ് അടിക്കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. തിരിച്ചറിയാനാണെങ്കില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന റേഷന്‍കടകള്‍ക്കല്ലേ ഒരേ നിറം വേണ്ടത്. ടെണ്ടര്‍ നടപടികള്‍ പാലിക്കേണ്ടതല്ലേ? ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് ബെഹ്‌റ പൊലീസ് മേധാവിയായിരുന്നോ എന്ന സംശയവും കോടതി ഉന്നയിച്ചു.
ടി.പി സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ഏപ്രില്‍ 24നു ശേഷമാണ് ബെഹ്റ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഹ്റയ്ക്ക് അധികാരമുണ്ടോ? ബെഹ്റ പേരെടുത്ത് പറഞ്ഞ് ഉത്തരവിട്ട കമ്പനിയുമായി അദ്ദേഹത്തിന് എന്ത് ബന്ധമാണുള്ളതെന്നും ഒരു പ്രത്യേക കമ്പനിയുടെ പേരെടുത്ത് പറഞ്ഞ് പൊലീസ് മേധാവിയെന്ന നിലയില്‍ ഉത്തരവു പുറപ്പെടുവിച്ച ബെഹ്റയുടെ നടപടി തെറ്റല്ലേയെന്നും കോടതി ചോദിച്ചു.
ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍ നിയമിക്കാന്‍ ഏപ്രില്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടശേഷമാണ് ബെഹ്‌റയുടെ ഉത്തരവെന്ന് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ, ചട്ടങ്ങള്‍ മറികടന്നാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊതുവായ നിറത്തിലുള്ള പെയിന്റ് അടിക്കാന്‍ ഉത്തരവിട്ടത്. നിയമപരമായ ടെണ്ടര്‍ നടപടികളോ ക്വട്ടേഷന്‍ നടപടികളോ സ്വീകരിക്കാതെയാണ് പെയിന്റടിക്കല്‍ പ്രവൃത്തിക്ക് ബെ്ഹ്‌റ നിര്‍ദ്ദേശം നല്‍കിയതെന്നും അധികാര ദുര്‍വിനിയോഗം, ഗൂഢാലോചന, അനാവശ്യമായി പൊതു ഖജനാവ് ധൂര്‍ത്തടിക്കല്‍, ക്രമക്കേടുകള്‍, സ്വകാര്യ കമ്പനിക്ക് അനധികൃതമായി കോടികളുടെ ലാഭമുണ്ടാക്കല്‍, നിയമങ്ങളുടേയും ചട്ടങ്ങളുടേയും വ്യക്തമായ ലംഘനം എന്നിവ ഈ ഉത്തരവിന് പിന്നില്‍ നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.