X

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ കണക്കിനുക്കൊട്ടി ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗം

തൃശ്ശൂര്‍ : കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ കണക്കിന്‌ക്കൊട്ടി ബി.ജെ.പി. സംസ്ഥാന ഭാരവാഹിയോഗം. തൃശ്ശൂരില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

കണ്ണന്താനത്തിന്റെ പ്രവര്‍ത്തിയില്‍ അതൃപ്തിപൂണ്ട നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. കണ്ണന്താനം കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണെന്ന് ചെയ്തതെന്നും പിണറായി വിജയനെ തന്റെ ഗുരുവായാണ് അദ്ദേഹം കാണുന്നത്, ഗുരുഭക്തി മൂത്ത് മുഖ്യമന്ത്രിയെ വല്ലാതെ പുകഴ്ത്തുന്നത് പാര്‍ട്ടിക്ക് ക്ഷീണമാണ് ഉണ്ടാക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ പറഞ്ഞു.

അതേസമയം മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റായ എന്‍.ശിവരാജന്‍ കുറേക്കൂടി തീവ്രമായി കണ്ണന്താനത്തെ പരിഹസിച്ചു. കേന്ദ്രമന്ത്രി നല്ല കഴിവുള്ളയാളാണ്. പക്ഷേ, രാഷ്ട്രീയം അറിയില്ല. അദ്ദേഹത്തിന്റെ കഴിവുകള്‍ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് ഗുണമായിരിക്കും. അദ്ദേഹത്തോട് കേരളത്തിലേക്ക് വരരുതെന്ന് പറയണം. അഥവാ വന്നാല്‍തന്നെ പത്രക്കാരോട് വാ തുറക്കരുതെന്നും. പാലക്കാട്ട് എത്തിയ കണ്ണന്താനം എം.ബി. രാജേഷ് എം.പി.യെ പുകഴ്ത്തിയ കാര്യവും ശിവരാജന്‍ തമാശയായി അവതരിപ്പിച്ചു. ലോകമണ്ടത്തരങ്ങളാണ് കണ്ണന്താനം വിളിച്ചുപറയുന്നതെന്നും വിമര്‍ശമുണ്ടായി.

കേന്ദ്രനേതാക്കളായ നളിന്‍കുമാര്‍കട്ടീല്‍, എച്ച്. രാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കണ്ണന്താനത്തിനെതിരെ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ആഞ്ഞടിച്ചത്. സംസ്ഥാനനേതാക്കളില്‍ ഒരാള്‍പോലും കണ്ണന്താനത്തിന് അനുകൂലമായി ഒരക്ഷരംപോലും മിണ്ടിയില്ല എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന നേതാക്കള്‍ വീണ്ടും വിമര്‍ശനത്തിനായി തുനിഞ്ഞപ്പോള്‍, ഒരേ കാര്യങ്ങള്‍ ഒന്നിലധികംപേര്‍ പറയേണ്ട എന്ന് വിലക്കുക മാത്രമേ കേന്ദ്രനേതാക്കള്‍ ചെയ്തുള്ളൂ.

chandrika: