X
    Categories: MoreViews

കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ഇനി അംഗങ്ങളില്ലാ കമ്മീഷന്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ (എന്‍.സി.എം) അംഗങ്ങളില്ലാ കമ്മീഷനായി മാറുന്നു.

വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിയടക്കമുള്ള പ്രമുഖര്‍ ചെയര്‍പേഴ്‌സണായിരുന്ന ന്യൂനപക്ഷ മന്ത്രാലയത്തെ നിലവില്‍ നയിക്കാന്‍ ആരുമില്ല. അവസാന അംഗം ഇന്നു വിരമിക്കുന്നതോടെ അംഗങ്ങളും ഇല്ലാതെയാവും.
അതേ സമയം ചെയര്‍പേഴ്‌സണേയോ അംഗങ്ങളേയോ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. കമ്മീഷന്റെ പുനസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് ഉടന്‍ നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം. ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നതിനായി ഏതാനും പേരുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍പേഴ്‌സണടക്കം ഏഴംഗങ്ങളാണ് കമ്മീഷനിലുള്ളത്. മൂന്നു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. നിലവിലെ ഏക അംഗമായ ദാദി ഇ മിസ്ത്രി ഇന്നു വിരമിക്കുന്നതോടെ പൂര്‍ണമായും അംഗങ്ങളില്ലാത്ത കമ്മീഷനായി എന്‍.സി.എം മാറും. കഴിഞ്ഞ ഒക്ടോബറില്‍ അംഗമായിരുന്ന ഫരീദ അബ്ദുള്ള ഖാനും ജനുവരിയില്‍ പ്രവീണ്‍ ദാവറും വിരമിച്ചിരുന്നു. മറ്റൊരംഗമായ മേബിള്‍ റിബല്ലോ 2016 ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചിരുന്നു.
ഇവര്‍ക്കു പകരക്കാരായി ആരെയും തന്നെ ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ജോലി ഭാരം കൂടുതലായതിനാല്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരം പുതിയ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ നസീം അഹമ്മദ് നേരത്തെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന നജ്മ ഹെപ്തുള്ളക്കും പിന്നീട് ചുമതല ഏറ്റെടുത്ത മുക്താര്‍ അബ്ബാസ് നഖ്‌വിക്കും കത്ത് നല്‍കിയിരുന്നു.
ഇരുവരും പരിഗണിക്കാമെന്ന് അറിയിച്ചതൊഴിച്ചാല്‍ ആരെയും നിയമിച്ചില്ല. മാര്‍ച്ച് മൂന്നിന് കാലവധി പൂര്‍ത്തിയാക്കി നസീം അഹമ്മദും വിരമിച്ചു. ഭരണഘടനയും, നിയമങ്ങളും സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസമത്വം നിലനില്‍ക്കുന്നുവെന്ന ഭീതിയുള്ളതിനാല്‍ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യമാണെന്ന് 1978 ജനുവരി 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രമേയം പറയുന്നു.
ന്യൂനപക്ഷ ശാക്തീകരണത്തിന് അടിയന്തരമായി സഹായം നല്‍കണമെന്ന് മന്ത്രാലയത്തിന് തോന്നിയതിന്റെ ഫലമാണ് കമ്മീഷന്‍. ഇതു തന്നെ ന്യൂനപക്ഷ കമ്മീഷന്റെ പ്രസക്തി വിളിച്ചോതുന്നതാണെന്ന് മുന്‍ ചെയര്‍പേഴ്‌സണും മുന്‍ ഐ. എ.എസ് ഉദ്യോഗസ്ഥനുമായ നസീം അഹമ്മദ് പറഞ്ഞു. ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷനെ പോലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ വിഭാഗം കൂടി കമ്മീഷനു കീഴില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചട്ടം 1992 പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.എം സ്ഥാപിച്ചത്.
ഖ്വാസി ജുഡീഷ്യല്‍ അധികാരമാണ് കമ്മീഷനുള്ളത്. മുസ്്‌ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി എന്നീ അഞ്ച് അംഗീകൃത ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള അംഗങ്ങളാണ് എന്‍. സി.എമ്മിലുള്ളത്.
2014 മുതല്‍ ജൈന മതക്കാരും അംഗീകൃത ന്യൂനപക്ഷമായി മാറിയിട്ടുണ്ട്.

chandrika: