കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അതുകൊണ്ടും, കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കാത്തതുകൊണ്ടുമാണ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. ഈ വിഷയത്തെ വര്‍ഗീയതയടക്കം പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
”ഇതുമായി ബന്ധപ്പട്ട് കെഎസ്‌ഐഡിസിക്കെതിരായി അന്വേഷണം വരുന്നത് ഗുരുതരമാണ്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണത്തില്‍ മന്ത്രി പി.രാജീവ് മറുപടി പറയണം. ക്രമക്കേടുകള്‍ക്കു വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണു സംശയിക്കേണ്ടത്. കരിമണല്‍ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാന്‍ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു മന്ത്രി മറുപടി പറയണം.
കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോഴും ഗുരുതരമായി തുടരുന്നതിനാലാണ് അന്വേഷണത്തിലേക്കു നീങ്ങിയത്. ഈ വിഷയത്തില്‍ സിപിഎം മറുപടി പറയണം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഎം സെക്രട്ടറിയറ്റാണ് പ്രതിരോധം തീര്‍ത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ അമിതാവേശം ഇല്ല. ഈ അന്വേഷണത്തില്‍ കൂടുതല്‍ വിവരം വരുമെന്നാണു പ്രതീക്ഷ. ആത്യന്തികമായി കോടതിയാണു വിശ്വാസം. എനിക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനം ചെയ്യും.’ മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.