ന്യൂഡല്‍ഹി: നഗരപ്രദേശങ്ങളില്‍ വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനം രാജ്യസഭയില്‍ ഉന്നയിച്ച് പി.വി അബ്ദുള്‍ വഹാബ് എം.പി. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വീടുകളും ഫ്‌ളാറ്റുകളും അന്വേഷിക്കുമ്പോള്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തെങ്കിലും കത്തുകള്‍ ലഭിച്ചിട്ടുണ്ടോയെന്നും എം.പി ചോദ്യമുന്നയിച്ചു. എന്നാല്‍ ഇത്തരം വിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രേഖാമൂലം മറുപടി നല്‍കി.
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങള്‍ തടയുന്നതിനായി എന്‍.സി. എം ആക്ട് -1992 നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന ഇത്തരം നടപടി തടയാന്‍ പുതിയ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോയെന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ഹനിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പരാതികള്‍ പരിശോധിക്കാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ ഫ്‌ളാറ്റുകള്‍ നിഷേധിച്ച രണ്ട് പരാതികള്‍ മാത്രമാണ് ന്യൂനപക്ഷ കമ്മിഷന്‍ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ വിഷയം മുഖവില ക്കെടുക്കാത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് എം.പി അഭിപ്രായപ്പെട്ടു.