രാജ്യത്തെ യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന എം.ഡി.എം.എയുടെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗത്തെപ്പറ്റി സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സിന്റെ പക്കല്‍ വ്യക്തമായ വിവരങ്ങളില്ലെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 2019ല്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് നടത്തിയ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് മാത്രമാണ് ഇതു സംബന്ധമായി കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ളതെന്നും മന്ത്രി തുടര്‍ന്ന് വ്യക്തമാക്കി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലും ഇതു സംബന്ധമായ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ലഹരി വ്യാപാരം തടയാനും നാര്‍ക്കോ കോഡിനേഷന്‍ സെന്റര്‍ രൂപീകരിച്ചിട്ടുണ്ട്.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സ്‌കൂളിലും കോളജുകളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും 2020ല്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് നാശ മുക്ത ഭാരത് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഈ പദ്ധതി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി മരുന്നുകള്‍ വില്‍ക്കപ്പെടുന്ന 272 ജില്ലകളെ കേന്ദ്രീകരിച്ച് ശക്തമായ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ എം.ഡി.എം.എ പോലുള്ള സൈക്കോട്രോപിക് മരുന്നുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.