ന്യൂഡല്‍ഹി: കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഓട്ടോറിക്ഷ യാത്രയെക്കാള്‍ ലാഭകരമാണു വിമാന യാത്രയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഗോരഖ്പുര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നു വിമാന യാത്ര ഓട്ടോ യാത്രയെക്കാള്‍ ലാഭകരമാണ്. ഇത് എങ്ങനെയാണെന്ന് നിങ്ങള്‍ ചോദിക്കും. രണ്ടു പേര്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്താല്‍ വാടകയായി പത്തു രൂപ കൊടുക്കും. കിലോമീറ്ററിന് അഞ്ചു രൂപ നിരക്ക് എന്നര്‍ത്ഥം. വിമാനയാത്രയിലാണെങ്കില്‍ കിലോമീറ്ററിനു നാലു രൂപ മാത്രമാണ് ഈടാക്കുക’ മന്ത്രി പറഞ്ഞു. ചെറിയ ദൂരത്തേക്കുള്ള യാത്രകള്‍ക്കു വിമാനം ഉപയോഗിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും നിലവിലുള്ള മറ്റു ഗതാഗത നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിമാന യാത്രയുടെ നിരക്ക് തീര്‍ത്തും താങ്ങാനാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്തതെന്നും മന്ത്രി പിന്നീടു വിശദമാക്കി. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ വ്യോമയാന നിരക്കാണ് ഇന്ത്യയിലേതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ വലിയ വികസനമാണു വ്യോമയാന രംഗത്തു നടന്നിട്ടുള്ളത്. വിമാനം വഴി സഞ്ചരിക്കുന്നവരുടെ സംഖ്യ 2018 ല്‍ രണ്ടു മടങ്ങ് വര്‍ധിച്ചു. ആറു കോടി ആളുകള്‍ മാത്രമാണ് 2013ല്‍ വിമാന യാത്ര നടത്തിയിരുന്നത്. ഇന്നത് ഏതാണ്ട് 12 കോടിയായി മാറിക്കഴിഞ്ഞു. 75 വിമാനത്താവളങ്ങളുടെ സ്ഥാനത്ത് രാജ്യത്ത് ഇന്ന് 100 വിമാനത്താവളങ്ങള്‍ പ്രവര്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.