ന്യൂഡല്‍ഹി: ജഡ്ജ് നിയമനം നിലവിലുള്ള കൊളീജിയം സംവിധാനത്തില്‍നിന്ന് മാറ്റി സര്‍ക്കാറിന്റെ വരുതിയിലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. രാജ്യത്തെ ജനങ്ങള്‍ കൊളീജിയം സംവിധാനത്തില്‍ തൃപ്തരല്ലെന്നും ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് ജഡ്ജിമാരെ നിയമിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് വാരികയായ പാഞ്ചജന്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ജഡ്ജിമാര്‍ നിയമനങ്ങള്‍ തീരുമാനിക്കുന്നതിനായി സമയം മാറ്റിവെക്കുന്നത് അവരുടെ പ്രാഥമിക കര്‍ത്തവ്യമായ നീതിനിര്‍വഹണത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരേയും ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമിച്ചിരുന്നത് നിയമ മന്ത്രാലയമായിരുന്നു. അന്ന് നമുക്ക് പ്രഗത്ഭരായ ജഡ്ജിമാര്‍ ഉണ്ടായിരുന്നു. ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് ജഡ്ജിമാരെ നിയമിക്കേണ്ടത്, എന്നുവെച്ചാല്‍ നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ജഡ്ജിമാരെ നിയമിക്കണം’- റിജിജു പറഞ്ഞു.
ഭരണനിര്‍വഹണവും നിയമനിര്‍മ്മാണസമിതികളും നീതിന്യായ വ്യവസ്ഥയാല്‍ നിയന്ത്രിക്കപ്പെടുന്നു. എന്നാല്‍ ജുഡീഷ്യറി തെറ്റായ രീതിയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ നിയന്ത്രിക്കാ ന്‍ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ റിജിജു ജുഡീഷറിക്കുള്ളില്‍ രാഷ്ട്രീയമുണ്ടെന്നും കൊളീജിയത്തില്‍ ഗ്രൂപ്പിസം ശക്തമാണെന്നും പറഞ്ഞു. നേരത്തെ, ജഡ്ജിമാരുടെ നിയമന നടപടികള്‍ വേഗത്തിലാക്കുന്നതിന് നിലവിലെ കൊളീജിയം സംവിധാനത്തില്‍ പുനരാലോചന നടത്തേണ്ടത് അനിവാര്യമാണെന്ന് ഉദയ്പൂരില്‍ നടന്ന യൂനിയന്‍ ഫോര്‍ ഇന്ത്യ കൗണ്‍സില്‍ സമ്മേളനത്തില്‍ കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമന നടപടികള്‍ക്ക് കൊളീജിയം സംവിധാനം കാരണം കാലതാമസം നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2014ല്‍ കേന്ദ്രസര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമക്കുന്നതില്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്ന ‘നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിമെന്റ് കമീഷന്‍ ആക്ട്’ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കുകയായിരുന്നു.