X

നരേന്ദ്ര മോദിയുടെ ജൻ ധൻ യോജന പരാജയം: കോൺഗ്രസ്

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പദ്ധതിയുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് അറിയില്ലെന്നും പദ്ധതിയുടെ നടത്തിപ്പ് സുതാര്യമാണോ എന്ന് സംശയമുള്ളതായും കോണ്‍ഗ്രസ് പറഞ്ഞു. ഒരു കുടുംബത്തില്‍ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. 2014 ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ആദ്യ ദിവസത്തില്‍ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകള്‍ പുതുതായി തുറന്നിട്ടുണ്ട്.

എന്നാല്‍ നിലവില്‍ 100 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അക്കൗണ്ടുകളിലൂടെയായി 12,000 കോടി രൂപ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പണം ഉപഭോക്താക്കള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഈ അക്കൗണ്ടുകളുടെ ഉടമസ്ഥര്‍ പ്രധാനമായും സ്ത്രീകളാണ്. സാക്ഷരതയില്ലായമ, ഡിജിറ്റല്‍ സാക്ഷരതാ ഇല്ലായ്മ, ബാങ്കിങ് സേവനങ്ങള്‍ കൃത്യമായി ലഭിക്കായ്ക തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാണ് പല അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമായതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

നിലവില്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളില്‍ ഉള്ള 12,779 കോടി രൂപ പദ്ധതിയുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും തടയാന്‍ വേണ്ടി സര്‍ക്കാര്‍ 2016 ല്‍ നോട്ട് നിരോധിച്ചിരുന്നു. ഈ കാലയളവില്‍ കള്ളപ്പണം മറച്ചുവെക്കാന്‍ ജന്‍ ധന്‍ യോജനയുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് മുമ്പ് തന്നെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

2016-ല്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയിരുന്നു. 2017 ലെ ആര്‍.ബി.ഐ റിപ്പോര്‍ട്ട് അനുസരിച്ച് അസാധുവാക്കിയ നോട്ടുകള്‍ അടങ്ങുന്ന വലിയൊരു തുക ചില പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. മിനിമം ബാലന്‍സ് ഇല്ലാത്ത സേവിങ്‌സ് അക്കൗണ്ടുകള്‍, ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി), പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലെയും സഹകരണ ബാങ്കുകളുടെയും അക്കൗണ്ടുകള്‍ എന്നിവയിലേക്കാണ് പണം എത്തിയതെന്നാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ട് പറയുന്നത്. ഇതും പദ്ധതിയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

webdesk13: