നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന ഹജ്ജ സബ്‌സിഡി എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജ് നയം ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഇക്കാര്യത്തില്‍ ഹജ്ജ് നയം പുറത്തിറക്കുമ്പോള്‍ അന്തിമ തീരുമാനമറിയാമെന്നും നഖ്‌വി പറഞ്ഞു. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മന്ത്രാലയം വിളിച്ചുചേര്‍ത്ത ഹജ്ജ് കമ്മിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷമാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ പുറത്തിറക്കിയ കരട് നയത്തിന്മേല്‍ മുസ്‌ലിം സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നയമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യത്തില്‍ ഭൂരിഭാഗം മുസ്‌ലിം സംഘടനകളും അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി എടുത്തുകളയാനാണ് സുപ്രീംകോടതി ഉത്തരവെന്നും അതിന് നിശ്ചയിച്ച സമയപരിധിയാണ് 2022 എന്നും നഖ്‌വി പറഞ്ഞു. അതിനര്‍ഥം ആ സമയപരിധിക്കുള്ളില്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണം എന്നാണ്.
കേരളത്തിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാന ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീല്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് നറുക്കെടുപ്പിലൂടെയല്ലാതെ തന്നെ ഹജ്ജിന് അവസരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നിലവിലുള്ള 21 എംബാര്‍ക്കേഷന്‍ പോയന്റുകള്‍ ഈ വര്‍ഷവും നിലനിര്‍ത്താന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തീരുമാനമായി. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയന്റ് കൊച്ചിയില്‍ നിന്നു മാറ്റാന്‍ ഇപ്രാവശ്യവും എയര്‍ ഇന്ത്യ അനുവദിച്ചില്ല. അടുത്ത തവണ കോഴിക്കോട്ടേക്ക് മാറ്റണമോ എന്നതും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അത് അടുത്ത വര്‍ഷമാണ് പരിഗണിക്കുക.
എന്നാല്‍ അഞ്ചാം വര്‍ഷം കഴിഞ്ഞ് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കാനുള്ള കേരളത്തിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെ അനുവദിച്ചാല്‍ കേരളം പോലൊരു സംസ്ഥാനത്തുനിന്ന് പിന്നീട് ആര്‍ക്കും അപേക്ഷ നല്‍കാനാകാത്ത സാഹചര്യം സംജാതമാകുമെന്ന് മന്ത്രി പറഞ്ഞു.