X

നീറ്റ് പരീക്ഷയിലെ ക്രമക്കേട് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി; രണ്ട് ഇടങ്ങളില്‍ തിരിമറി നടന്നെന്ന് റിപ്പോര്‍ട്ട്

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രണ്ട് ഇടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം.

പ്രസ്തുത വിവരങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് വലിയ ഉദ്യോഗസ്ഥന്‍ ആണെങ്കിലും വെറുതെ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നീറ്റ് പരീക്ഷാ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.
നീറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മൗനം പാലിക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. പിന്നാലെ വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എ.ഐ.എസ്.എ (. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍) രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.
പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു എന്‍.ടി.എക്കെതിരായ ആരോപണം. 67 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. ഇതില്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നുവെന്നാണ് മറ്റൊരു ആരോപണം.

webdesk13: