X

കേന്ദ്രബജറ്റ് ഇന്ന്;ധനമന്ത്രി രാഷ്ട്രപതി ഭവനില്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും നിര്‍മ്മല സീതാരാമന്റെ 2022 ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.

ആദായ നികുതി സ്ലാബുകളില്‍ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നതാണ് മധ്യവര്‍ഗ ഇന്ത്യയുടെ ആകാംക്ഷ. എന്നാല്‍ കാര്യമായ നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നില്ല. കര്‍ഷക സമരം, നിയമസഭ തിരഞ്ഞെടുപ്പുകള്‍, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെ ഈ ബജറ്റില്‍ സര്‍ക്കാരിന് കാര്യമായി പരിഗണിക്കേണ്ടി വരും. കാര്‍ഷിക രംഗത്ത് സബ്‌സിഡി അനുവദിക്കണം. അതേസമയം മുന്‍ഗണന നല്‍കേണ്ടത് ആരോഗ്യമേഖലക്കാണെന്ന് മാറി മാറി വരുന്ന വൈറസ് വകഭേദവും സര്‍ക്കാറിനെ ഓര്‍മിപ്പിക്കുന്നുണ്ട്. പതിവുപോലെ ക്രിപ്‌റ്റോകറന്‍സിയിലെ അവ്യക്തത ഈ ബജറ്റിലൂടെയെങ്കിലും പരിഹരിക്കപ്പെടെമോയെന്നും വ്യവസായ ലോകം ഉറ്റുനോക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി ട്രൈബ്യൂണല്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കു വേണ്ട പദ്ധതികളാണ്. ചെറുകിട വ്യവസായങ്ങള്‍ക്ക് ആശ്വസം നല്‍കുന്ന പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി ബജറ്റില്‍ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്.

എന്ത് തീരുമാനങ്ങള്‍ എടുത്താലും അത് ധനകമ്മി നിയന്ത്രിച്ച് നിര്‍ത്തിയാകണമെന്നത് സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. അതേ സമയം ധനസമാഹരണത്തിനായി മുഖ്യമായും ആസ്തി വില്‍പനയെ തന്നെയായിരിക്കും ധനമന്ത്രി ആശ്രയിക്കുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.

Test User: