കെ.പി. ജലീൽ
ഹിന്ദുത്വ തീവ്രവാദത്തിലൂടെ ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച് എക്കാലവും അധികാരം ഉറപ്പിക്കാമെന്ന സംഘപരിവാര അജണ്ടയാണ് പുതിയ ഏകസിവിൽ കോഡ് വിവാദത്തിലൂടെയും ബി.ജെ.പി ലക്ഷ്യമിടുന്നത്. കർണാടകയിലെ കനത്ത തോൽവിയും പ്രതിപക്ഷ കക്ഷികളുടെ ഐക്യനീക്കങ്ങളും നൽകിയ ആഘാതത്തിലാണ് പുതിയ വർഗീയ അജണ്ട മോദിയാദികൾ പുറത്തെടുത്തിരിക്കുന്നത്. വരുന്ന ലോക് സഭാ സമ്മേളനത്തിൽ സിവിൽ കോഡ് ബിൽ അവതരിപ്പിച്ചേക്കാമെന്ന പ്രചാരണം അഴിച്ചുവിടുകയാണ് ബി.ജെ.പി . എന്നാൽ രാജ്യത്തെ വിവിധ മത – ജാതി- ഗോത്ര വിഭാഗങ്ങളെ ബാധിക്കുന്നതായതിനാൽ പെട്ടെന്നൊരു നിയമനിർമാണത്തിന് ബി.ജെ.പി മുതിരില്ലെന്നുറപ്പാണ്. മുസ് ലിംകളെ അപരവത്കരിച്ച് മറ്റുള്ളവരെയെല്ലാം കൂടെ കൂട്ടി അധികാരമുറപ്പിക്കൽ എന്ന ലക്ഷ്യം ഏക സിവിൽ കോഡിലൂടെ സാധ്യമാകില്ലെന്ന് അവർക്കറിയാം. അതു കൊണ്ട് കിട്ടിയ അവസരത്തിൽ പ്രതിപക്ഷത്തിൻ്റെ ശ്രദ്ധ ഐക്യത്തിൽ നിന്ന് മാറ്റുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് പാകതയോടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. കരട് വരട്ടെ എന്നിട്ട് ആലോചിക്കാം എന്ന ജയറാം രമേശിൻ്റെ പ്രസ്താവന , ബില്ലവതരിപ്പിക്കാൻ ബി.ജെ.പി പെട്ടെന്ന് തുനിയില്ലെന്ന തിരിച്ചറിവ് കാരണമാണ്.
ക്രിസ്തീയ വിഭാഗങ്ങളും രാജ്യത്തെ ഇരുന്നൂറോളം ഗോത്ര വിഭാഗങ്ങളും നിയമത്തെ നഖശിഖാന്തം എതിർക്കുന്നുണ്ട്. കാലങ്ങളായി വെച്ചുപുലർത്തുന്ന വ്യക്തിനിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇതിലൂടെ ലംഘിക്കാൻ നിർബന്ധിതമാകും. ഇന്ത്യയുടെ അന്ത:സത്ത തന്നെ വിവിധ ജനവിഭാഗങ്ങളും സങ്കര സംസ്കാരവുമാണ് . നാനാത്വത്തിൽ ഏകത്വമാണത്. നാനാത്വത്തിൻ്റെ പ്രതിഫലനമാണ് മതേതരത്വവും ജനാധിപത്യവും. ബി .ജെ.പിയുടെയും മറ്റും കെണിയിൽ വീഴരുതെന്ന പക്വമായ തീരുമാനം തന്നെയാണ് കേരളത്തിലെ മുസ് ലിം സംഘടനകളും കഴിഞ്ഞ ദിവസം സ്വീകരിച്ചിരിക്കുന്നത്. ഈ വേദനയിൽ ചോരകുടിക്കാൻ വെമ്പുന്ന സി.പി.എമ്മിനെ പോലുള്ള പാർട്ടികളെയും കരുതിയിരിക്കുകയാണ് വിശ്വാസി സമൂഹം ചെയ്യുന്നത്.