ചെന്നൈ: ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ വൈവിധ്യത്തിനും സാമൂഹിക ഘടനക്കും ഭീഷണിയാണെന്ന് തമി ഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. യു.സി.സിയില്‍ എ തിര്‍പ്പ് അറിയിച്ച് കേന്ദ്ര നിയമ കമ്മീഷന് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ അനുഛേദം 29 പ്രകാരം ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ആദരിക്കുകയും മതേതരത്വത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഗോത്ര മേഖലകളിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കുമെന്ന് ഭരണഘടനയുടെ ആറാം പട്ടിക ഉറപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ യു.സി.സി അതിന്റെ പ്രകൃതത്തില്‍ തന്നെ പരമ്പരാഗത ആചാര, അനുഷ്ഠാനങ്ങളും ഗോത്ര വിഭാഗത്തിന്റെ വ്യക്തിത്വവും നിലനിര്‍ത്തുന്നതിന് വിഘാതമാണ്. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക അസമത്വം പരിഗണിക്കാതെ യു.സി.സി നടപ്പിലാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ വിഭാഗത്തിന്റെയും വിദ്യാഭ്യാസ, സാമ്പത്തിക വികസന സൂചികകള്‍ വ്യത്യസ്ഥമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഒരു നിയമം എന്നത് ഈ അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മതവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക അസമത്വവും സമൂഹത്തില്‍ വിഭചനവും ഉണ്ടാക്കാന്‍ യു.സി.സി കാരണമാകും. വ്യക്തി സ്വാതന്ത്രത്തിന്‍മേലും മത സ്വാതന്ത്രത്തിന്‍മേലുമുള്ള കടന്നു കയറ്റമാണ് യു.സി.സിയെന്നും കത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ യു.സി.സി രാജ്യത്തിന്റെ മതേതരത്വവും വൈവിധ്യവും തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗും കേന്ദ്ര നിയമ കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആദ്യ പ്രതിഷേധിച്ച പാര്‍ട്ടികളിലൊന്നാണ് ഡി.എം.കെ.
ഇത് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണെന്നും എല്ലാ ജാതിയില്‍പ്പെട്ട ആളുകളെയും ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നുമാണ് ഡി.എം.കെ നേതാവും എം.പിയുമായ ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചത്. ഭരണഘടന അനുവദിച്ചതുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമില്ല. എല്ലാ മതങ്ങള്‍ക്കും സംരക്ഷണമാണ് ലഭിക്കേണ്ടത്.
രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാ ല്‍ എല്ലാ വിഭാഗങ്ങളിലെയും പൗരന്മാരുടെ അവകാശങ്ങളില്‍ വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നും സംസ്ഥാനത്തെ മതേതര ധാര്‍മ്മികത, ക്രമസമാധാനം, എന്നിവയി ല്‍ വിനാശകരമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും ഡി.എം.കെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകനും അഭിപ്രായപ്പെട്ടിരുന്നു.
ഓരോ മതവും അവരുടെ വിശ്വാസങ്ങള്‍ക്കും മതഗ്രന്ഥങ്ങള്‍ക്കും അനുസൃതമായി, നൂറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന തനതായ, വ്യതിരിക്തമായ ആചാരവും പാരമ്പര്യവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ അസ്വസ്ഥരാക്കുക എന്നതും സ്വേച്ഛാധിപത്യത്തിലുടെ അവരെ അടിച്ചമര്‍ത്തത്തരുതെന്നും അദ്ദേഹം പറഞ്ഞു.