X

ഏകീകൃത സിവില്‍ കോഡ്; ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന്, ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം തന്നെ

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റ് മേഖലകളിലെയും ആദിവാസി ഗോത്ര വിഭാഗങ്ങളെ പുതിയ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സ്ഥിരം സമിതിയിലായിരുന്നു ബി.ജെ.പി നിര്‍ദേശം മുന്നോട്ട് വച്ചത്. ചില സമുദായങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് ബി.ജെ.പി ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരുന്നതെന്ന ആക്ഷേപം കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ നീക്കം. ഏകീകൃത സിവില്‍ കോഡ് നടപടികളിലെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ നിയമകാര്യ സ്ഥിരം സമിതി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത നിയമകാര്യ, നിയമ നിര്‍മാണ വകുപ്പിലെ പ്രതിനിധികളുടെ യോഗത്തിലായിരുന്നു ബി.ജെ.പി അഭിപ്രായം അറിയിച്ചത്. സമിതിയുടെ അധ്യക്ഷനായ ബി.ജെ.പി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി തന്നെയാണ് ആദിവാസി ഗോത്ര വര്‍ഗ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

എല്ലാ നിയമങ്ങളിലും ചില ഒഴിവുകള്‍ അനുവദിക്കാറുണ്ടെന്ന ന്യായവും അദ്ദേഹം നിരത്തി. ഭരണഘടനയുടെ ആറാം ഷെഡ്യൂളിലെ അനുഛേദം 371 പ്രകാരമാണ് അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നത് അത് നിലനിര്‍ത്തണമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. അതേ സമയം, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ പാര്‍ലമെന്ററി സമിതി യോഗത്തില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചു. കോണ്‍ഗ്രസ്, ബിആര്‍എസ്, ഡിംകെ പാര്‍ട്ടികളാണ് യോഗത്തില്‍ എതിര്‍പ്പുന്നയിച്ചത്. ബില്ല് കൊണ്ടു വരുന്നതിന് സര്‍ക്കാരിന് ഇത്ര തിടുക്കമെന്തിനാണെന്നും പ്രതിപക്ഷ കക്ഷികള്‍ ആരാഞ്ഞു.

ഈ ഘട്ടത്തില്‍ ഒരു ഏക വ്യക്തി നിയമത്തിന്റെ ആവശ്യമില്ലെന്നും പകരം ഓരോ നിയമവും ക്രോഡീകരിക്കണമെന്നും വിവേചനപരമായ വ്യവസ്ഥകള്‍ ഇല്ലതാക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചു. ഭോപാലില്‍ ബിജെപി ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേീകൃത സിവില്‍ കോഡ് എന്ന ആവശ്യം വീണ്ടും സജീവ ചര്‍ച്ചയാക്കിത്.
22-ാം നിയമകമ്മിഷനും കഴിഞ്ഞ 14ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യുസിസി നടപ്പാക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നു. ഈ മാസം 14 വരെയാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് മതസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി. ഇതുവരെ 19 ലക്ഷം പേര്‍ അഭിപ്രായം രേഖപെടുത്തിയതായാണ് നിയമ കമ്മിഷന്‍ വ്യക്തമാക്കുന്നത്. അതേസമയം മണിപ്പൂര്‍ കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രവും ബി.ജെ.പിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്ത് ഇതില്‍ നിന്നും ജനശ്രദ്ധ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മോദിയുടേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഏകീകൃത സിവില്‍ കോഡ് വഴി മോദിയും ബി. ജെ.പിയും ഇട്ട ഇരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എത്ര കണ്ട് കൊത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ബി.ജെ.പി മാറ്റുക.

webdesk11: