X

‘ഏക സിവില്‍ കോഡ്’ ശക്തമായി എതിർക്കപ്പെടണം ‘ – കുവൈത്ത് കേരള ഇസ്ലാമിക്‌ കൌൺസിൽ

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണ ഘടന ഉറപ്പ് നല്‍കിയ മത സ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ജനാധിപത്യമാർഗത്തിൽ ശക്തമായി എതിർക്കപ്പെടണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക്‌ കൌൺസിൽ (കെ.ഐ.സി) വാർത്താ കുറിപ്പിൽ അറിയിച്ചു. ജനാധിപത്യ മതേതര ശക്തികളും പൊതു സമൂഹവും ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, മത-സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക സംഘടനകൾ ഇതിനെതിരെ ഒന്നിച്ചു നിന്ന് ശക്തമായി പ്രധിഷേധിക്കണമെന്നും കെ ഐ സി നേതൃത്വം ആവശ്യപ്പെട്ടു.

വർഗീയ ധ്രുവീകരണത്തിലൂടെ വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഇപ്പോൾ ഏക സിവിൽ കോഡ്‌ എടുത്തിടുന്നതെന്നും, അതേസമയം വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ ജനകീയ വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്‌ ഇതിനു പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്ന ഫാഷിസ്റ്റ് രീതി അംഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് മുന്‍തൂക്കമുള്ള വിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റെല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍ കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണം മാത്രമാണ്. അതിലൂടെ മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവില്‍കോഡിന് അനുകൂലമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

ബഹുസ്വരതയും നാനാത്വവും സാംസ്‌കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നതെന്നും അത് വലിയ പ്രത്യാഘാതമാണ് സമൂഹത്തില്‍ സൃഷ്ടിക്കുകയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

webdesk14: